സി.പി.സൈതലവി
ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിര്‍മിച്ചിരിക്കുന്നത് ഇന്ത്യാ രാജ്യത്തെ പരമദരിദ്രമായ ഒരു ജനതയുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൂര്‍വികര്‍ ദാനം ചെയ്തിട്ടുള്ള വഖഫ് ഭൂമിയിലാണ്. സ്വത്ത് ദാതാവിന്റെയും ഉറ്റവരുടെയും പരലോകഗുണത്തിന് എന്നാണ് വഖഫിന്റെ ഒരു രീതി. പക്ഷേ പതിമൂവായിരം കോടിയോളം രൂപ ചെലവിട്ട് ‘ആന്റിലിയ’ എന്ന ആകാശ മാളിക പണിയാന്‍ മുകേഷ് അംബാനിക്ക് ദക്ഷിണ മുംബൈയുടെ നഗരഹൃദയത്തില്‍ കിട്ടിയ 4532 ചതുരശ്രമീറ്റര്‍ ഭൂമിയുടെ കാര്യത്തില്‍ മേപ്പടി നിയ്യത്തിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഗണിക്കാനാവും. തനിക്കും ഭാര്യക്കും മൂന്നു മക്കള്‍ക്കും താമസിക്കാന്‍ നാല്‍പത് നില കെട്ടിടത്തിന്റെ ഉയരത്തില്‍ 27 നിലയും മുകള്‍ നിലയില്‍ മൂന്നു ഹെലിപാഡുകളും 600 പരിചാരകരും നീന്തല്‍കുളങ്ങളും തീയറ്ററും ക്ഷേത്രവും പൂന്തോട്ടങ്ങളുമെല്ലാമുള്ള വീട് അംബാനിയുടെ വ്യക്തിപ്രഭാവത്തിന് തിളക്കമേറ്റുന്നുണ്ട്. പക്ഷേ കരീംഭായ് ഇബ്രാഹിം ഭായ് ഖാജ അനാഥാലയചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ഞൂറു കോടി രൂപയോളം വിലമതിക്കുന്ന ഈ ഭൂമി അംബാനിയുടെ ആന്റിലിയ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 2002 ജൂലൈയില്‍ കൈമാറി കിട്ടിയത് 21.52 കോടിക്കാണ്. മഹാരാഷ്ട്ര വഖഫ് ബോര്‍ഡിന്റെതാണ് ഭൂമിയെങ്കിലും ഇക്കച്ചവടത്തില്‍ ബോര്‍ഡിന്റെ അനുമതിയുണ്ടായില്ല. മുംബൈ മഹാനഗരത്തിലെ യതീമുകളുടെ പള്ളക്കടിക്കുന്ന ഏര്‍പ്പാടിന് ബോര്‍ഡിലെ ദൈവഭയവും മനുഷ്യപ്പറ്റുമുള്ളവര്‍ കൂട്ടുനിന്നില്ല എന്നര്‍ഥം.
റിലയന്‍സ് അധിപനായ അംബാനിയുടെ കുടിയിരിപ്പിന് വഖഫിന്റെ അടിയാധാരമുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ട പലരും ഓടി നടന്നപ്പോള്‍ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് മെമ്പര്‍ അഹമ്മദ്ഖാന്‍ രണ്ടുംകല്‍പ്പിച്ച് പരാതി അയച്ചു. ഇതോടെ ആന്റിലിയ ഉയരുന്നത് വഖഫ് സ്വത്തിലാണെന്ന് പുറത്തുവന്നു. അന്നത്തെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഡയരക്ടര്‍ ആദര്‍ശ് ജോഷി വിജിലന്‍സ് അന്വേഷണത്തിന് അരങ്ങൊരുക്കി ഒരു രാജ്യസ്‌നേഹിയുടെ ജീവിതാദര്‍ശം ഉയര്‍ത്തിപ്പിടിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം കോടതിയിലെത്തി. ഇന്ത്യയിലെ രണ്ടാം താജ്മഹല്‍ എന്ന് അംബാനി കുടുംബം അരുമയോടെ വിളിക്കുന്ന ആന്റിലിയയുടെ കഥയാണിത്.
മഹാരാഷ്ട്രയില്‍ 37330.97 ഹെക്ടര്‍ ഭൂമി രേഖപ്രകാരം വഖഫ് ബോര്‍ഡിനുണ്ടെങ്കിലും 60 ശതമാനത്തിനും ഉടമക്കാര്‍ വേറെയാണ്. യു.പിയിലും ബംഗാളിലും ബീഹാറിലും മറ്റു മിക്ക സംസ്ഥാനങ്ങളിലും വഖഫ് ഭൂമി കയ്യേറ്റം സമ്പന്ന-മാഫിയ ഗ്രൂപ്പിന് അനായാസം സാധ്യമാകുന്നു. പശ്ചിമബംഗാളില്‍ വഖഫ് ഭൂമിയില്‍ മദ്യകമ്പനികള്‍പോലും പ്രവര്‍ത്തിക്കുന്നത് വാര്‍ത്തയായതാണ്.
വിവിധ ജീവിത നിലവാരത്തില്‍ കഴിയുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസപരവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി സമൂഹത്തിലെ ഉദാരമതികള്‍ മതപരമായ ബാധ്യതയായി കണ്ട് ദാനം ചെയ്ത കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതര സംസ്ഥാനങ്ങളിലെപോലെ സ്വകാര്യവ്യക്തികളോ സംഘങ്ങളോ കൈപ്പിടിയിലൊതുക്കുന്നതൊഴിവാക്കാന്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. ആ നിതാന്ത ജാഗ്രതയെയും പൊതുമുതലിന്റെ കാര്യത്തിലെ കാര്‍ക്കശ്യത്തെയും കേരള വഖഫ് ബോര്‍ഡിന്റെ മുഖമുദ്രയാക്കി മാറ്റി എന്നത് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ പൊതുജീവിതത്തിനു നല്‍കിയ സമ്മാനമാണ്.
2008 ജൂലൈ 3ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത് മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം അചഞ്ചലമായ നിലപാടുകള്‍കൊണ്ടും പ്രതിസന്ധികളിലെ ധീരമായ നേതൃത്വം കൊണ്ടും വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭാധനനായ നേതാവിനെയായിരുന്നു. മതരംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെയും സംഘടനാതലത്തിലും ഖാസി പദവികളിലൂടെയും മറ്റു സ്ഥാനങ്ങളിലൂടെയും കേരളത്തിലെ മുസ്‌ലിം സാമുദായിക രംഗത്തും പാണക്കാട് മേഖലയിലെ കുടുംബപരിസരങ്ങളിലും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സാന്നിധ്യം തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പൂര്‍ണവിരാമംകുറിക്കുന്ന അച്ചടക്കത്തിന്റെ മെതിയടിശബ്ദമായിരുന്നു. സങ്കീര്‍ണമായ എല്ലാ സന്ദര്‍ഭങ്ങളിലും അവസാന തീര്‍പ്പിന്റെ കേന്ദ്രസ്ഥാനത്ത് ഉമറലി ശിഹാബ് തങ്ങളുണ്ടായിരുന്നു.
ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി പുറത്തുവന്നയുടന്‍ 1969ല്‍ പാണക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ പൊതുജീവിതത്തിലെ ആ പ്രഥമപദവി അന്ത്യംവരെയും തുടര്‍ന്നു. പിതാവ് പാണക്കാട് പൂക്കോയ തങ്ങളും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുമ്പോഴും പാണക്കാട്ടെ ‘പ്രസിഡണ്ട്’ ഉമറലി തങ്ങള്‍ തന്നെ. അതുകൊണ്ട് പാണക്കാട്ടുകാര്‍ എപ്പോഴും ‘ഞങ്ങളുടെ പ്രസിഡണ്ട്’ എന്ന് വിളിച്ചു. 1970ല്‍ പാണക്കാട് മഅ്ദിനുല്‍ ഉലൂം സംഘത്തിന്റെ സെക്രട്ടറിയായി മതരംഗത്തെ പ്രവര്‍ത്തനത്തിലും ആദ്യ പദവി വഹിച്ചു. സമസ്ത മുശാവറ അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, മലപ്പുറം ജില്ലാ പ്രസിഡണ്ട്, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, മുസ്‌ലിംലീഗ് സംസ്ഥാന സമിതിയംഗം, പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വഖഫ് കൗണ്‍സിലിലെ ആദ്യമലയാളി അംഗം, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, ജാമിഅഃ നൂരിയ്യ മാനേജിങ് കമ്മിറ്റിയംഗം, വയനാട് ജില്ലാ ഖാസി, മേല്‍മുറി ട്രെയിനിങ് കോളജ് ചെയര്‍മാന്‍, കുണ്ടൂര്‍ മര്‍ക്കസ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് തുടങ്ങിയ പദവികളിലൂടെ അവിശ്രാന്തം ജനസേവന മണ്ഡലത്തില്‍ കര്‍മനിരതനായി.
ബാല്യം നല്‍കിയ ജീവിതാനുഭവ പാഠങ്ങളില്‍നിന്നു രൂപപ്പെട്ടതായിരുന്നു മെയ്ക്കരുത്തും മനക്കരുത്തുമുള്ള ആ വ്യക്തിത്വം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉറച്ച മനസ്സും ഉറച്ച പേശികളും ഉപകാരപ്പെടുമെന്നത് ഉമറലി ശിഹാബ് തങ്ങളുടെ നിലപാട് തന്നെയായിരുന്നു.
കടലുണ്ടിപ്പുഴയോരത്തെ വൈദ്യുതിയും വഴിവെളിച്ചവുമില്ലാത്ത പാണക്കാടിന്റെ ഗ്രാമ്യപ്രകൃതിയില്‍ കൊടപ്പനക്കല്‍ വീടിന്റെ ചുറ്റിലും ഭയംകലര്‍ന്ന ഒരനാഥത്വം കുറഞ്ഞ കാലത്തേക്കാണെങ്കിലും അനുഭവിച്ചറിഞ്ഞ ഒരു കുട്ടിക്കാലമുണ്ടായിരുന്നു. 1948ലെ ഹൈദരാബാദ് ആക്ഷന്‍. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായി ജയിലില്‍. ആറാംതരം വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠനത്തിനായി കോഴിക്കോട്ട്. വീട്ടില്‍ ക്ഷയരോഗത്തിന്റെ മൂര്‍ധന്യതയില്‍ ഉമ്മ. അനിയന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. ഇടയില്‍ രണ്ടു പെങ്ങന്മാര്‍. ജ്യേഷ്ഠന്‍ വാരാന്ത്യത്തില്‍ വരുന്നതുവരെ വീട്ടിലെ മുതിര്‍ന്ന ആളായി എല്ലാവര്‍ക്കും ധൈര്യംകൊടുക്കാനുള്ളത് ഉമറലി ശിഹാബ് എന്ന ആറു വയസ്സുകാരന്‍. ഒന്നാംതരത്തിലെ വിദ്യാര്‍ഥി. ബാപ്പ എന്നു ജയില്‍മോചിതനാകുമെന്നുപോലും അറിയാത്ത അനിശ്ചിതത്വത്തിന്റെ നാളുകള്‍. സ്‌കൂളില്‍ കൂട്ടുകാര്‍ പറയുന്ന പേടിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍. മഴയും കാറ്റും വെള്ളപ്പൊക്കവും. വീട്ടില്‍ ഉമ്മയുടെ രോഗം കലശല്‍. ബന്ധുക്കളെ വിളിക്കണമെങ്കില്‍പോലും ചൂട്ടുംമിന്നിച്ച് പുറത്തുപോകാനുള്ളത് ‘മുത്തുമോന്‍’ എന്ന ഈ കൊച്ചുകുട്ടി മാത്രം. ആ ഒറ്റപ്പെടലില്‍നിന്നുറവയെടുക്കുന്ന ഒരു ആത്മധൈര്യമുണ്ട്.
മറുകരപറ്റാന്‍ ഒറ്റക്കു തുഴയേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ആറു വയസ്സുകാരന്റെ അന്തിമനിശ്ചയം. ആ കൂസലില്ലായ്മയാണ് തനിക്കു അഭിമുഖം നില്‍ക്കേണ്ടിവന്ന സര്‍വപ്രശ്‌നങ്ങളോടും ഉമറലി തങ്ങള്‍ കൈക്കൊണ്ട സുനിശ്ചിത തീരുമാനങ്ങളുടെ അകക്കാമ്പ്. ശങ്കിച്ചു നില്‍ക്കുകയല്ല; ചുവടുറച്ചു മുന്നോട്ടു പോവുകയേ തരമുള്ളൂ എന്ന ദൃഢനിശ്ചയം. മതസംഘടനാരംഗത്ത് സമുന്നത പദവികള്‍ വഹിക്കുമ്പോഴും രാഷ്ട്രീയം ഉമറലി ശിഹാബ് തങ്ങളുടെ താല്‍പര്യ രംഗമായിരുന്നു. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ‘സി.എച്ചിന്റെ കന്നി മത്സരം’ പരപ്പില്‍ വാര്‍ഡില്‍ നടക്കുമ്പോള്‍ ആ ആരവത്തിനു പിന്നാലെ ഒഴുകിയതില്‍ തുടങ്ങുന്നു തങ്ങളുടെ മുസ്‌ലിംലീഗ് ആവേശം. അന്ന് എതിരാളികള്‍ എറിഞ്ഞ കല്ലുകൊണ്ടു ബാഫഖിതങ്ങളുടെ കാല്‍വിരലില്‍ മുറിവ് പറ്റിയതും തലയില്‍കെട്ടിയ തോര്‍ത്തഴിച്ച് ഒരാള്‍ ചോരയൊപ്പിക്കൊടുത്തതും ‘ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്’ എന്നു പറഞ്ഞ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു പ്രസംഗമധ്യേ നേതാവിനോടുള്ള സ്‌നേഹാതിരേകത്താല്‍ കരഞ്ഞുപോയ ഉമറലി തങ്ങളുടെ ആര്‍ദ്രമനസ്സും കുട്ടിക്കാലത്തിനൊപ്പം കൂടെ കൂട്ടിയതാണ്.
പാണക്കാട്ടെ പട്ടാളം എന്നത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി ഉമറലി തങ്ങള്‍ എന്ന സംഘാടകന്‍. 1969ല്‍ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായ ആദ്യഘട്ടം തന്നെ ആവിഷ്‌കരിച്ച പദ്ധതി പാണക്കാട് മേഖലാ മുസ്‌ലിംലീഗ് വളണ്ടിയര്‍ കോര്‍ ആയിരുന്നു. പാണക്കാട് വില്ലേജ് മേഖലയും ഊരകം കാരാത്തോട് പ്രദേശവും ഉള്‍ക്കൊള്ളുന്ന ഒരു ‘വളണ്ടിയര്‍ ട്രൂപ്പ്’ സമ്മേളനങ്ങളടുക്കുമ്പോള്‍ സംഘടിപ്പിക്കുന്ന താല്‍ക്കാലിക സേനയല്ല. ചിട്ടയാര്‍ന്ന കായിക പരിശീലനവും മത, രാഷ്ട്രീയ, സാംസ്‌കാരിക പഠനവും യൂണിഫോമും എല്ലാമുള്ള സ്ഥിരസംവിധാനം. ആരംഭശൂരത്വമില്ലാതെ പത്തുവര്‍ഷത്തോളം ഇത് മുടങ്ങാതെ നിലനിര്‍ത്തി. സൈന്യത്തിന്റെ കമാന്ററായി സയ്യിദ് ഉമറലി ശിഹാബ് തങ്ങളും കോ-ഓര്‍ഡിനേറ്ററായി ആത്മമിത്രം പാണ്ടിക്കടവത്ത് ഹൈദ്രു ഹാജിയും. പാലക്കാട്ടും കോഴിക്കോട്ടുമെല്ലാം ഈ വളണ്ടിയര്‍ ട്രൂപ്പിനെ കൊണ്ടുപോയി. പലപ്രദേശങ്ങളിലും സമ്മേളനങ്ങള്‍ക്ക് വളണ്ടിയര്‍മാരെ ആവശ്യപ്പെട്ട് പാണക്കാട്ട് വരുന്നവരെ നിരാശരാക്കാതെ ഉമറലി തങ്ങളും ഹൈദ്രു ഹാജിയും മിക്കയിടത്തും ട്രൂപ്പിനെ നയിച്ചുചെന്നു. ദീര്‍ഘമായ മാര്‍ച്ച് പാസ്റ്റുകളില്‍ നിര്‍ദേശങ്ങള്‍ നല്‍കി ഒരു കളരിയഭ്യാസിയുടെ ഉറച്ച ചുവടുവെപ്പുകളോടെ തങ്ങളും കൂടെനടന്നു. തെരഞ്ഞെടുപ്പുകാലത്ത് കുന്നും താഴ്ചയുമായി നീണ്ടുപരന്നുകിടക്കുന്ന പാണക്കാട് വാര്‍ഡില്‍ എല്ലാ വീടുകളിലും തങ്ങള്‍ വോട്ടഭ്യര്‍ഥിച്ച് എത്തും. മലപ്പുറം നഗരസഭയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയം എന്നും എല്ലാവരും മുത്തുമോനു വിടും. തെരഞ്ഞെടുപ്പു ദിവസം പോളിങ് തുടങ്ങുന്നത് മുതല്‍ അവസാനം വരെ വോട്ടര്‍പട്ടിക നോക്കിയും വോട്ടര്‍മാരെ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും ബൂത്ത് പരിസരത്ത് തങ്ങള്‍ നിലയുറപ്പിക്കുന്നതിനാല്‍ മുങ്ങാന്‍ കരുതിയവനും സ്ഥലം വിടാന്‍ പറ്റില്ല. പിടികൂടും. ഖാഇദേമില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് തുടങ്ങിയ മഹാരഥന്മാരുമായി ബാല്യംതൊട്ട് ഇടപഴകി.
കൊടപ്പനക്കല്‍ അതിഥികളായി തങ്ങുന്ന നേതാക്കള്‍ക്കെല്ലാം പരിചരണത്തിനു കൂടെനിന്നു. ശിഹാബ് തങ്ങള്‍ ഈജിപ്ത് പഠനത്തിലായതിനാല്‍ പിതാവിന്റെ പ്രതിനിധിയായി ചെറുപ്പംതൊട്ടേ പല ചടങ്ങുകള്‍ക്കും ഉമറലി തങ്ങള്‍ നിയുക്തനായി. ബാപ്പയുള്ളപ്പോഴും പില്‍ക്കാലവും അന്ത്യംവരെ കൊടപ്പനക്കല്‍ കുടുംബത്തിലെ ആഭ്യന്തരവും ധനകാര്യവും ‘മുത്തുകോയാക്ക’ എന്ന് ഇളയവര്‍ വിളിക്കുന്ന ഉമറലി തങ്ങള്‍ നിര്‍വഹിച്ചു. ഹജ്ജിനും മറ്റുമായി സഹോദരന്മാര്‍ കുടുംബസമേതം ദീര്‍ഘയാത്ര പോയി വരുമ്പോള്‍ വീടും ഭക്ഷണവുമൊരുക്കി കുടുംബനാഥനായി അദ്ദേഹം കാത്തുനിന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സന്തതി പരമ്പരയുമെല്ലാം ആ തണല്‍മരത്തിന്റെ അഭയമറിഞ്ഞവരാണ്. അതില്ലാത്ത ദുഃഖവും. ഗൗരവപ്രകൃതത്തിനുള്ളിലെ ആ അഗാധ സ്‌നേഹത്തിന്റെ ഓര്‍മകള്‍ പ്രാര്‍ത്ഥനകളാക്കി നൂര്‍മഹലിന്റെ അകത്തളങ്ങളില്‍ മുല്ലബീവിയുണ്ട്. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി. ഇന്നത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെയും ഉമ്മ. വരുന്നവര്‍ക്കെല്ലാം താങ്ങായിരുന്ന ഭര്‍ത്താവിന്റെ ചിട്ടകള്‍ തെറ്റിക്കാതെ വീട്ടിലെത്തുന്നവരിലാരെയും എന്തെങ്കിലുമൊന്ന് കഴിക്കാതെ തിരിച്ചയക്കരുതെന്ന ആ സ്‌നേഹകല്‍പ്പന മുറപോലെ കൊണ്ടുനടന്ന് നൂര്‍മഹലിലെ സ്‌നേഹം വിളമ്പുന്ന പാത്രങ്ങള്‍ക്കരികെ മുല്ലബീവിത്താത്തയുണ്ട്.
ബാബരി മസ്ജിദ് വിഷയം കത്തിനില്‍ക്കെ 1990ന്റെ ആദ്യം സുന്നി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തി യാത്ര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമാണ്. ഓരോ കേന്ദ്രത്തിലും തങ്ങള്‍ ചെയ്ത പ്രസംഗം മലയാളത്തിലെ പ്രബുദ്ധ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു.
1973ല്‍ ഉമറലി തങ്ങള്‍ ഏറനാട് താലൂക്ക് എസ്.വൈ.എസ് പ്രസിഡണ്ടായിരിക്കെ മത, ഭൗതിക പഠനത്തിനായി നിര്‍ധനരായ രണ്ടുപേര്‍ക്ക് വിദ്യാഭ്യാസ കാലം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ അക്കാലത്തെ സാമ്പത്തിക സ്ഥിതി പദ്ധതി തുടര്‍ന്നുപോകുന്നതിനു തടസ്സമായി. കുട്ടികളുടെ ഭാഗത്തുനിന്നും പിന്നീട് ആവശ്യങ്ങളുണ്ടാവാത്തതിനാല്‍ അതങ്ങനെ മറവിയിലേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ ഫൈസി ബിരുദവും മറ്റൊരാള്‍ അലീഗഡില്‍നിന്ന് പി.ജിയും കഴിഞ്ഞു പുറത്തിറങ്ങി. നന്ദി പറയാന്‍ ഓഫീസിലെത്തിയപ്പോഴാണറിയുന്നത് ഒരിക്കലും മുടക്കം വരാതെ മുഴുവന്‍ തുകയും കുട്ടികള്‍ക്ക് ഉമറലി ശിഹാബ് തങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു എന്ന്. അതായിരുന്നു ആ കാവലും സ്‌നേഹവും.