X

ബാലപീഡനത്തെ ന്യായീകരിച്ച ഹൃസ്വചിത്രത്തില്‍ അഭിനയിച്ച നടി കനിയുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; ബാലാവകാശ കമ്മീഷന്‍ കേസെടുക്കുമെന്ന് സൂചന

തിരുവനന്തപുരം: ‘മെമ്മറീസ് ഓഫ് മെഷീനെന്ന’ ഷോര്‍ട്ട് ഫിലിമിലെ നായിക കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടിച്ചു. ഷോര്‍ട്ട് ഫിലിമിനെതിരെ നടന്ന മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഐഡി പൂട്ടിയത്. കുട്ടികളോടുള്ള ലൈംഗികാതിക്രമണത്തെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് പേജ് പൂട്ടിച്ചതെന്നാണ് വിശദീകരണം. ഷോര്‍ട്ട് ഫിലിം ചര്‍ച്ചയായതോടെ ബാലാവകാശ കമ്മീഷന്‍ ഫിലിമിനെതിരെ കേസെടുത്തേക്കും.

ഷോര്‍ട്ട് ഫിലിം ബാലാവകാശ കമ്മീഷന്‍ പരിശോധിച്ചുവരികയാണ്. നിയമനടപടി എടുക്കുന്നതിന്റെ നിയമസാധ്യത പരിശോധിക്കും. എന്നാല്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമണമാണ് ഷോര്‍ട്ട് ഫിലിമിന്റെ വിഷയം. ശൈലജ പതിന്ദലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം കുട്ടികളോടുള്ള ലൈംഗികാതിക്രമണത്തെ ന്യായീകരിക്കുന്നതിനാലാണ് വിമര്‍ശിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയിലടക്കം ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശകമ്മീഷനും ഇടപെടുന്നത്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതമായി ബന്ധമില്ലാത്തതാണ് ചിത്രമെന്ന് കനി കുസൃതി വ്യക്തമാക്കി.

എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം യു ട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചിത്രം പീഡോഫീലിയക്ക് മാപ്പ് നല്‍കുന്നതാണ് എന്നതായിരുന്നു എന്‍എസിന്റെ നിരീക്ഷണം. ഒന്‍പത് മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട് ചിത്രത്തിന്. നവംബര്‍ 20ന് യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം നാലര ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

 

chandrika: