മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍ നാല് അമേരിക്കന്‍ ടൂറിസ്റ്റുകളും പൈലറ്റുമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് മെല്‍ബണ്‍ മാര്‍ തുറന്നിട്ടില്ലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കോര്‍പറേറ്റ് ആന്റ് ലെഷര്‍ ട്രാവല്‍ എന്ന കമ്പനിയുടെ ഉടമയായ മാക്‌സ് ക്വാര്‍ട്ടര്‍മെയ്ന്‍ ആണ് വിമാനം പറത്തിയിരുന്നത്. മരിച്ച അമേരിക്കക്കാരില്‍ ഗ്രെഗ് റെയ്‌നോള്‍ഡ്‌സ്, റസല്‍ മുന്‍ഷ് എന്നിവരാണ് ഇവരുടെ കുടുംബങ്ങള്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട നാലു പേര്‍ അമേരിക്കക്കാരാണെന്ന് ഓസ്‌ട്രേലിയയിലെ യു.എസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
നാല് അമേരിക്കന്‍ ടൂറിസ്റ്റുകളും ഗോള്‍ഫിങ് വെക്കേഷനില്‍ ആയിരുന്നു. ഇവരുടെ യാത്രയും താമസവും സൗകര്യപ്പെടുത്തിയിരുന്നത് മാക്‌സ് ക്വാര്‍ട്ടര്‍മെയ്‌ന്റെ കമ്പനി ആണെന്ന് കരുതപ്പെടുന്നു. മെല്‍ബണിലെ വലിയ രണ്ടാമത്തെ വിമാനതാവളമായ എസന്‍ഡനില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള മാളില്‍ ഇടിച്ച് അഗ്നിഗോളമായി മാറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വളരെ താഴ്ന്നും വേഗത്തിലുമാണ് വിമാനം മാളില്‍ ഇടിച്ചതെന്നും സമീപപ്രദേശത്ത് കത്ത ചൂട് അനുഭവപ്പെട്ടെന്നും ദൃക്‌സാക്ഷിയായ ടാക്‌സി ഡ്രൈവര്‍ ജേസണ്‍ പറഞ്ഞു. എഞ്ചിന്‍ തകരാറാണ് ദുരന്തത്തിന് കാരണം എന്നാണ് നിഗമനം.