മെല്‍ബണ്‍: 95,569 പേര്‍….. ഇത്രയും കാണികള്‍ക്ക് മുന്നില്‍ ബ്രസീലോ, അര്‍ജന്റീനയോ കളിക്കുന്നത് അപൂര്‍വ്വമാണ്. ലക്ഷോപലക്ഷം ടെലിവിഷന്‍ പ്രേക്ഷകര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൂപ്പര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട സൗന്ദര്യമോ ആവേശമോ മൈതാനത്ത് കണ്ടില്ല- ഒന്നാം പകുതിയുടെ അവസാനത്തില്‍ പിറന്ന ഒരു ഗോളുമായി അര്‍ജന്റീന തല ഉയര്‍ത്തി. തോല്‍വികളുടെ നിരാശാമുഖത്ത്, പുതിയ പരിശീലകന് കീഴില്‍, യുവതാരങ്ങളുടെ സമ്പര്‍ക്കത്തില്‍ ടീമിന് ജയം നേടാനായത് ആശ്വാസമാണെങ്കില്‍ ബ്രസീലുകാര്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. ഗബ്രിയേല്‍ ജിസസ് സുന്ദരമായ അവസരം പാഴാക്കിയപ്പോള്‍ മൂന്ന് തവണ അവരുടെ ഗോള്‍ ശ്രമത്തിന് മുന്നില്‍ ക്രോസ്ബാര്‍ വില്ലനായി.ആദ്യ പകുതിയുടെ അവസാനത്തില്‍ ഗബ്രിയേല്‍ മെര്‍ഗാദോയാണ് വിജയ ഗോള്‍ നേടിയത്. പുതിയ കോച്ച് ജോര്‍ജ് സാംപോളിക്കും ലോകകപ്പില്‍ തപ്പിതടയുന്ന അര്‍ജന്റീനക്കും പുതുശ്വാസമാണ് ഈ മെല്‍ബണ്‍ വിജയം. മെസിയും പുതിയ മെസിയെന്ന വിശേഷണമുളള പൗളോ ഡി ബാലെയും ഒരുമിക്കുമ്പോള്‍ അര്‍ജന്റീന കുതിക്കുമെന്ന് കരുതിയെങ്കിലും ഈ കോമ്പിനേഷന്‍ ക്ലിക് ചെയ്തില്ല. രണ്ടാം പകുതിയില്‍ ഡി ബാലെയെ കോച്ച് പിന്‍വലിച്ചു. മെസിയാവട്ടെ പഴയ ഫോമിന്റെ നിഴലാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസസിലുടെ ഉറച്ച ഗോള്‍ നേട്ടത്തിനരികില്‍ അത് തടഞ്ഞ ഡിഫന്‍ഡര്‍ ഓട്ടോമാന്‍ഡിയോട് അര്‍ജന്റീന കട്ടപ്പെട്ടിരിക്കുന്നു. അര്‍ജന്റീനയുടെ കുതിപ്പിലാണ് മല്‍സരം ആരംഭിച്ചത്. ആറാം മിനുട്ടില്‍ ഡി മരിയയുടെ ഷോട്ടിന് ക്രോസ് ബാര്‍ തടസമായി. പതിനാറാം മിനുട്ടില്‍ ബ്രസീലിന്റെ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി.നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ ആഞ്ചലോ ഡി മരിയ നല്‍കിയ ക്രോസില്‍ ഡി ബാലെയുടെ ഒന്നാന്തരം ഹാഫ് വോളി ബ്രസീല്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്ത്. അടുത്ത മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികമാരുമറിയാത്ത മെര്‍ഗാദോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഓട്ടോമാന്‍ഡിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കാത്തിരുന്ന ഗബ്രിയേല്‍ മെര്‍ഗാദോ പന്തടിച്ച് വലയില്‍ കയറ്റുകയായിരുന്നു.
ആദ്യ പകുതിയില്‍ ലീഡുമായി പോയ അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ബ്രസീല്‍ നടത്തിയത്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ മൂന്ന് അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള പൗളോ കുട്ടിനോയുടെ ശ്രമം അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജി റോമിറോ തടഞ്ഞു. അടുത്ത മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ നിന്നും ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് വില്ലിയാന് ഉപയോഗപ്പെടുത്താനായില്ല. പിറകെ ബ്രസീലിന്റെ നിര്‍ഭാഗ്യം പ്രകടമായി. ഗോള്‍ക്കീപ്പറെയും പരാജയപ്പെടുത്തിയ ഗബ്രിയേല്‍ ജീസസിന് മുന്നില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഒട്ടിമാന്‍ഡോ വിലങ്ങായി. ഇരുവരും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരുമിച്ച് കളിക്കുന്നവരാണ്. റീ ബൗണ്ട് ചെയ്ത പന്ത് ജീസസ് അടിച്ചപ്പോഴാവട്ടെ ബാറില്‍ തട്ടി തെറിച്ചു. അവസാന സമയങ്ങളില്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മടക്കാന്‍ അവര്‍ക്കായില്ല. 95,000 പേരാണ് മല്‍സരം ആസ്വദിക്കാനെത്തിയത്.