വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വി സമ്മതിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിനോട് ഭാര്യ മെലാനിയ ട്രംപ് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മരുമകനും മുഖ്യ ഉപദേശകനുമായ ജെറാര്‍ഡ് കുഷ്‌നര്‍ വൈറ്റ് ഹൗസിലെത്തി ട്രംപുമായി സംസാരിച്ചതിന് പിന്നാലെയാണ് മെലാനിയ ട്രംപിന്റെ ഇടപെടല്‍.
വിഷയത്തില്‍ പരസ്യ പ്രതികരണം നടത്താന്‍ മെലാനിയ തയ്യാറായിട്ടില്ല. അതേസമയം, ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ ഉടന്‍ മെലാനിയ വിവാഹ മോചനം ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദമ്പതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്ന കാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. മിനിട്ടുകളെണ്ണി അവര്‍ വിവാഹ മോചനത്തിനായി കാത്തിരിക്കുകയാണെന്നും ന്യൂമാന്‍ പറയുന്നു. 2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവച്ചയാളാണ് ന്യൂമാന്‍.