കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം.
മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ പ്രധാനമന്ത്രി തന്നെയാണ് കര്‍ഷകരെ ചവിട്ടി മെതിക്കുന്നതെന്ന് മഹുവ ചൂണ്ടിക്കാട്ടി.
മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച രീതിയില്‍ മറ്റൊരാള്‍ക്കും ഇത്തരത്തില്‍ കാപട്യം കാട്ടാന്‍ കഴിയില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷത്തെക്കുറിച്ചും കോവിഡ് പ്രതിരോധത്തെക്കുറിച്ചും വിശാലമായി സംസാരിക്കുമ്പോഴും കര്‍ഷകരെക്കുറിച്ചും ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തെക്കുറിച്ചും കാര്യമായ പരാമര്‍ശങ്ങള്‍ നടത്തിയില്ല. കോവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നെന്നും 2021 ല്‍ രോഗസൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം, മോദിയുടെ മന്‍ കി ബാത്തിനെതിരെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു. ഉച്ചത്തില്‍ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കേന്ദ്രവുമായുള്ള അടുത്ത ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍.
കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന് കുണ്ട്‌ലിമനേസര്‍പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.