അരങ്ങേറ്റത്തിലെ ആദ്യ ദിവസം തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുക. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ റെക്കോര്‍ഡുമായാണ് മെഹ്ദി ഹസനെന്ന പയ്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോഴിതാ ലോകം അസൂയയോടെ നോക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി മെഹ്ദി വരുന്നു. മാറിയ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി.
ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തെ ഇനി കാലം വിലയിരുത്തുക ഒരുപക്ഷെ, മെഹ്ദിയുടെ വരവിന് മുമ്പും ശേഷവും എന്നായേക്കാം. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദ മാച്ച്് നേട്ടമാണ് ഈ ധാക്കക്കാരന്‍ സ്വന്തമാക്കിയത്.
വെറും രണ്ട് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് മെഹ്ദിയുടെ സമ്പാദ്യം. നാല് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നു അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ പെടും. രണ്ടാം ടെസ്റ്റിലെ രണ്ടിന്ന്ങുകളിലും ആറു വിക്കറ്റ് വീതം. നേട്ടത്തിന് സമ്മാനമെന്നോണം ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന വിക്കറ്റ് വീഴ്ത്താനും 19കാരനായി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിന്റെ ആദ്യ ജയമാണിത്.
മൂന്നാഴ്ച മുമ്പു വരെ ബംഗ്ലാദേശ് ക്രിക്കറ്റിലെ ഒളിപ്പിച്ചു വച്ച വജ്രായുധമായിരുന്നു മെഹ്ദിയെങ്കില്‍ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ട് ദേശീയ ഹീറോയായി മാറിയിരിക്കുന്നു ഈ 19കാരന്‍.
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ തോല്‍വി വെറും 22 റണ്‍സിനായിരുന്നു. അവസാന ദിവസം 2 വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രം മതിയെന്നിരിക്കെ ജയം പിടിച്ചെടുക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയെല്ലാം മായ്ച്ചു കളയുന്ന 108 റണ്‍സിന്റെ ഉജ്വല ജയമാണ് ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ നേടിയത്.
ഇംഗ്ലണ്ടിനെതിരെ ബാറ്റില്‍ ശോഭിക്കാനായില്ലെങ്കിലും ബാറ്റും നന്നായി വഴങ്ങും മെഹ്ദിക്ക്്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാക്യാപ്റ്റനായിരുന്നു. മെഹ്ദിയുടെ ആള്‍റൗണ്ട് പ്രകടനത്തിലാണ് ബംഗ്ലദേശ് സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ 245 റണ്‍സ് അടിച്ചെടുത്ത് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടം മെഹ്ദി തന്നെ സ്വന്തമാക്കി.
വിദ്യാഭ്യാസ പരമായി മകന്‍ ഉയര്‍ന്ന ജോലി സ്വന്തമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു മകന്റെ പോക്ക്. ബാറ്റും ബോളും നന്നായി വഴങ്ങുന്ന മെഹ്ദിയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ശൈഖ് സലാഹുദ്ദീനാണ്. എല്ലാം ക്ഷമയോട് കേട്ടിരുന്ന് അത് പ്രാവര്‍ത്തികമാക്കുന്നവനാണ് മെഹ്ദിയെന്ന് കോച്ചിന്റെ നല്ല വാക്ക്. അതെ മെഹ്ദി വരുന്നൂ.. ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്താന്‍. ഇനിയൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനായി.