ശ്രീനഗര്‍: ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ഒരു കപ്പ് വിഷം കുടിച്ചതുപോലെയായിരുന്നുവെന്ന് മെഹബൂബ പറഞ്ഞു. കശ്മീരിന്റെ ദുരിതങ്ങള്‍ അവസാനിക്കുമെന്ന് കരുതിയാണ് സഖ്യമുണ്ടാക്കിയത്. എന്നാല്‍ സഖ്യരൂപീകരണം വിപരീത ഫലമാണ് ഉണ്ടാക്കിയത്. ബി.ജെ.പിയുടെ പല നടപടികളും കശ്മീര്‍ ജനതക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ബി.ജെ.പിയുടെ നടപടികള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് വിമര്‍ശനമുന്നയിക്കാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കലായിരുന്നു. കേന്ദ്രസര്‍ക്കര്‍ കശ്മീരിന് വേണ്ടി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ഒന്നും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും മെഹബൂബ പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഭരണത്തിനിടെ ഒന്നിനുവേണ്ടിയും താന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പ്രധാനമന്ത്രിയെ കണ്ടപ്പോഴെല്ലാം പാക്കിസ്ഥാനും ഹുറിയത്ത് നേതാക്കളുമായും ചര്‍ച്ചക്ക് മുന്‍കൈ എടുക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കുള്ള ഇമ്രാന്‍ ഖാന്റെ ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.