X

‘മഹാസഖ്യം ബിജെപിയെ പരിഭ്രാന്തരാക്കി’; അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പി-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതിനു പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

മഹാസഖ്യം ബിജെപിയെ പരിഭ്രാന്തരാക്കിയതായി അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബയുടെ പ്രതികരണം. മഹാസഖ്യം എന്ന ആശയം അവരെ ഇത്രക്ക് പരിഭ്രാന്തരാക്കുമെന്ന് കരുതിയില്ലെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.


ടെക്‌നോളജിയുടെ ഈ യുഗത്തില്‍ ഗവര്‍ണര്‍ക്ക് തങ്ങളുടെ ഫാക്‌സ് സന്ദേശം ലഭിച്ചില്ലെന്നത് വിചിത്രമായ കാര്യമാണ്. എന്നാല്‍ പെട്ടെന്നു തന്നെ അസംബ്ലി പിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ഒരിക്കല്‍ കൂടി ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു തൃണമൂലിന്റെ ഡെറിക് ഒബ്രയാന്റെ പ്രതികരണം.


നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരുന്നെങ്കിലും ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെടാനായിരുന്നില്ല. അസംബ്ലി പിരിച്ചുവിട്ടതോടെ ജമ്മുകശ്മീരില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

chandrika: