X

‘റംസാനില്‍ കാശ്മീരികള്‍ സമാധാനത്തോടെ ഇരിക്കട്ടെ’; കേന്ദ്രസര്‍ക്കാരിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വെടിനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മെഹബൂബ മുഫ്തി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റമളാനില്‍ വെടിവെക്കല്‍ നിര്‍ത്തലാക്കിയിരുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കാശ്മീരികള്‍ക്ക് റംസാന്‍ മാസം സമാധാനത്തോടെ ആഘോഷിക്കാമെന്ന് ട്വിറ്റലിലാണ് മെഹബൂബ പറഞ്ഞത്.

കാശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന തിരച്ചിലുകളും വെടിനിര്‍ത്തലും നിര്‍ത്തി വെക്കണമെന്ന് മെഹബൂബ പറഞ്ഞു. റംസാന്‍ മാസത്തിന് തുടക്കമാവുകയാണ്. രാവും പകലും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ പള്ളികളില്‍ പോകുകയും ചെയ്യും. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ വെടിവെക്കല്‍ നിര്‍ത്തിവെക്കുകയും ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും മെഹബൂബ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശുദ്ധ റംസാന്‍ മാസം ആരാധനക്കും പ്രാര്‍ഥനക്കും വേണ്ടിയുള്ളതാണ്. ഇക്കാലയളവില്‍ ആരും തന്നെ അക്രമം നടത്തില്ലെന്നും തീവ്രവാദികളോട് അപേക്ഷിക്കുകയാണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.

2018 മെയ് മാസത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ വെടിവെക്കല്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇത്തവണയും വെടിനിര്‍ത്തലിന് നിര്‍ദ്ദേശം നല്‍കാന്‍ മെഹബൂബ ആവശ്യപ്പെട്ടിരിക്കുകയാണ്.

chandrika: