മേഘാലയില്‍ സര്‍ക്കാര്‍ രുപീകരണത്തിന് അവകാശമുന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്.
ഇക്കാര്യം കമല്‍നാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയില്‍ 21 അംഗങ്ങളാണ് കോണ്‍ഗ്രസിനുളളത്. 10 അംഗങ്ങളുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ രുപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കും.
അതേസമയം രണ്ട് സീറ്റില്‍ വിജയിച്ച ബിജെപി ഇവിടെ പിഎ സാംഗ്മയുടെ നേതൃത്വത്തിലുളള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 19 സീറ്റാണ് ഇവര്‍ക്കുളളത്. ബിജെപിയുടെ 2 സീറ്റ് കൂടിയാകുമ്പോള്‍ സഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്.
അതേസമയം ചെറുകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരുടെ നിലപാട് സംസ്ഥാനത്ത് നിര്‍ണ്ണായകമാകും. യുഡിപിക്ക് ആറും പിഡിഎഫിന് നാലും സീറ്റുകളാണ് ഉളളത്. മൂന്ന് സ്വതന്ത്രരും മറ്റ് കക്ഷികളില്‍ നിന്നായി നാല് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.