ഗുവാഹത്തി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള മേഘാലയയിലെ ബി.ജെ.പി നേതാക്കളുടെ നീക്കം ഒടുവില്‍ നേതാക്കളുടെ രാജിയില്‍ കലാശിച്ചു.
കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ് ആശയം തങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പശ്ചിമ ഗാരോ ഹില്‍സ് ജില്ലാ ബി.ജെ.പി പ്രസിഡന്റ് ബര്‍ണാഡ് എന്‍ മാരാക് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. തങ്ങളുടെ ഗാരോ സംസ്‌കാരത്തെ മാനിക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിട്ട് പിന്നെന്ത് കാര്യമെന്നും ബര്‍ണാഡ് ചോദിക്കുന്നു. തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ സഹായിക്കാത്ത പാര്‍ട്ടിയില്‍ തുടരുന്നത് എന്തിനെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലും രീതികളിലും ഉത്തരവിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഫിന്റെ വിലകുറയ്ക്കുമെന്ന ബര്‍ണാഡിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ബീഫ് ഭക്ഷിക്കുന്നത് പൂര്‍ണമായി നിര്‍ത്തലാക്കാനാണ് സംസ്ഥാനത്ത് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാജിക്കു ശേഷം ബര്‍ണാഡ് പറഞ്ഞു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയയില്‍ ഖാസി, ഗാരോ, ജയന്റിയാസ് എന്നീ പ്രബല ഗോത്ര വിഭാഗങ്ങള്‍ ബീഫ് ഭക്ഷിക്കുന്നവരാണ്. ഗാരോ ഹില്‍സ് ജില്ലയില്‍ ബി.ജെ.പിക്കു വേരോട്ടം കൂടുതലാണ്. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ നീക്കത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ രാജി അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് ബര്‍ണാഡ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുറ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ തയാറെടുക്കുകയാണ് അദ്ദേഹം. ബര്‍ണാഡിനു പുറമെ ബി. ജെ. പിയുടെ നോര്‍ത്ത് ഗാരോ ഹില്‍ ജില്ലാ പ്രസിഡന്റ് ബച്ചു സി മാരാകും ബിയറിനൊപ്പം ബീഫ് ഫെസ്റ്റിവലും മോദി മന്ത്രിസഭാ വാര്‍ഷികത്തില്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ബച്ചുവിനെ പാര്‍ട്ടിയില്‍ നിന്നും നീക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി .ജെ. പി നേതാവ് നളിന്‍ കോലി അറിയിച്ചു.
അതേ സമയം താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ബച്ചു അറിയിച്ചിട്ടുണ്ട്. 26 നിയമസഭാ മണ്ഡലങ്ങളുള്ള ഗാരോ ഹില്‍സ് മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ നിയമം പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്.