ന്യൂഡല്‍ഹി: വെറും രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ജനവിധി അട്ടിമറിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോവയിലും മണിപ്പൂരിലും ചെയ്തത് പോലെ കേന്ദ്രത്തിലെ അധികാരം വഴിവിട്ട് ഉപയോഗപ്പെടുത്തിയും പണമൊഴുക്കിയുമാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ബിജെപിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് മേഘാലയയിലെ സര്‍ക്കാര്‍ രൂപീകരണമെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.
ത്രിപുരയിലേയും നാഗാലാന്റിലേയും ജനവിധി അംഗീകരിക്കുന്നുവെന്നും ജനവിശ്വാസം വീണ്ടെടുക്കുമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ മേഘാലയയില്‍ ജനവിധി അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് രാഹുല്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 60 നിയമസഭാ സീറ്റുകളുള്ള മേഘാലയയില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനത്തെ വലിയ ഒറ്റകക്ഷി. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നണി രൂപീകരണം നടത്തിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയായിരുന്നു. ബിജെപി പിന്തുണയോടെ എന്‍പിപി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 60 അംഗ നിയമസഭയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സാങ്മ മുഖ്യമന്ത്രിയായി അധികാരമേറ്റത്.