ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനായി മേഘാലയയും നാഗാലാന്റും ഇന്ന് ബൂത്തിലേക്ക്. 60 വീതം സീറ്റുകളുള്ള രണ്ടു സംസ്ഥാനങ്ങളും ഒരു മാസത്തിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിലാണ് ബൂത്തിലെത്തുന്നത്. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ ബി.ജെ.പി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്.
നാഗാലാന്റില്‍ നിലവിലെ ഭരണ സഖ്യമായ യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സില്‍ പ്രാദേശിക കക്ഷികളായ എന്‍.ഡി.പി.പിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും പുറമെ ബി.ജെ.പിയും കണ്ണിയാണ്. എന്‍.ഡി.പി.പി നേതാവ് നെഫിയു റിയോയാണ് നിലവിലെ മുഖ്യമന്ത്രി. കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമാണ് മറുപക്ഷത്തുള്ളത്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ത്രിപുരയില്‍ വിധിയെഴുത്ത് നേരത്തെ പൂര്‍ത്തിയായിരുന്നു. മേഘലായ, നാഗാലാന്റ് പോളിങ് അവസാനിക്കുന്നതിനു പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരും. മാര്‍ച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.
900 പോളിങ്
സ്‌റ്റേഷനുകള്‍
പ്രശ്‌ന ബാധിതം
മേഘാലയയിലെ 900 പോളിങ് സ്‌റ്റേഷനുകള്‍ പ്രശ്‌ന ബാധിതമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എഫ്.ആര്‍ ഖാര്‍കോങ്കോര്‍. ഈ പോളിങ് സ്‌റ്റേഷനുകളില്‍ മുമ്പ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് 119 സായുധ പൊലീസ് സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബംഗ്ലാദേശുമായുള്ള മേഘാലയയുടെ അന്താരാഷ്ട്ര അതിര്‍ത്തി മാര്‍ച്ച് രണ്ട് വരെ സീല്‍ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.