കട്ടക്ക്: ബാരാബതി സ്‌റ്റേഡിയത്തില്‍ ഇന്ത്യ 93 റണ്‍സിന്റെ മെഗാ ജയം. ടി 20 ക്രിക്കറ്റിലെ ഉഗ്ര വിജയവുമായി രോഹിത് ശര്‍മയുടെ ഇന്ത്യ മൂന്ന് മല്‍സര പരമ്പരക്ക് ഗംഭീര തുടക്കമിട്ടു. മൂന്ന് വിക്കറ്റിന് ഇന്ത്യ നേടിയ 180 റണ്‍സിന് നാലയലത്ത് എത്താന്‍ കഴിയാതെ പതിനാറാം ഓവറില്‍ 87 റണ്‍സിന് തിസാര പെരേരയും സംഘവും കളി അവസാനിപ്പിച്ചു. ബാരാബതിയിലെ ബാറ്റിംഗ് ട്രാക്കില്‍ ഇന്ത്യ പതുക്കെ തുടങ്ങി അവസാനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ലങ്കയാവട്ടെ വലിയ സ്‌ക്കോറിന് മുന്നില്‍ തുടക്കത്തിലേ തകര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മധ്യനിരയും വാലറ്റവും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഫഌറ്റ് പന്തുകള്‍ക്ക് ബാറ്റ് വെച്ചു. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌ക്കോറര്‍ 61 റണ്‍സ് നേടിയ ഓപ്പണര്‍ രാഹുലായിരുന്നു. മഹേന്ദ്രസിംഗ് ധോണി പുറത്താവാതെ 22 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ മനീഷ് പാണ്ഡ്യ 18 പന്തില്‍ 32 റണ്‍സ് നേടി. രണ്ട് ബൗണ്ടറികളും രണ്ട് വെടിക്കെട്ട് സിക്‌സറുകളും പായിച്ചു ഹാര്‍ദിക്. ലങ്കന്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ് തുടങ്ങിയത്. നിക്കി ഡിക്കിവാല സ്‌ക്കോര്‍ ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ പുറത്തായി. പിന്നെ ഘോഷയാത്രയായിരുന്നു. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി ഇന്ത്യയെ വിറപ്പിക്കാനൊരുങ്ങിയ ഉപുല്‍ തരംഗയെ ചാഹല്‍ വീഴ്ത്തിയതോടെ മധ്യനിരക്കാരുടെ വരവായി. ആരും പക്ഷേ പൊരുതിയില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് പുതിയ പന്തെുടത്തത്. മൂന്ന് വിക്കറ്റ് അദ്ദേഹം നേടിയപ്പോള്‍ ചാഹല്‍ നാല് ഇരകളെ കണ്ടെത്തി. കുല്‍ദീപ് യാദവിനും രണ്ട് വിക്കറ്റ് ലഭിച്ചു. അടുത്ത മല്‍സരം നാളെ നടക്കുംഇന്ത്യന്‍ സംഘത്തില്‍ മലയാളി സീമര്‍ ബേസില്‍ തമ്പിക്ക് അവസരം ലഭിച്ചില്ല. ഭൂവനേശ്വര്‍ കുമാറിന് പകരം ബേസിലിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ജയദേവ് ഉത്കണ്ഠിനാണ് കോച്ച് രവിശാസ്ത്രി അവസരം നല്‍കിയത്. വിശ്രമം നല്‍കിയ ശിധര്‍ ധവാന് പകരം ഓപ്പണറായി കെ.എല്‍ രാഹുല്‍ കളിച്ചു. ഏകദിനങ്ങളില്‍ കളിച്ച സംഘത്തില്‍ നിന്നും ലങ്ക നാല് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ലെഫ്റ്റ് ആം സീമര്‍ വിശ്വ ഫെര്‍ണാണ്ടോക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അവസരം നല്‍കിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ ദാസുന്‍ ഷാനുക, കുശാല്‍ പെരേര എന്നിവരും ടീമിലിടം നേടി.