X

ശൈഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ച ഹൃദ്യം:സ്പീക്കര്‍ ബിര്‍ള

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുപമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള പാര്‍ലിമെന്ററി സംഘത്തിന്റെ കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററും ഇന്ത്യന്‍ ബിസ്നസ്സ് ആന്റ് പ്രൊഫഷണല്‍ ഗ്രൂപ്പും (ഐബിപിജി) ചേര്‍ന്നു സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

40 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ച അഭിമാനകരവും ഹൃദ്യവുമായിരുന്നു. യുഎഇയില്‍ അതിവസിക്കുന്ന മൂന്നര ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാദ്ധ്വാനത്തില്‍ ശൈഖ് മുഹമ്മദ് അതീവസന്തോഷം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. യുഎഇ യുടെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ചവരാണ് ഇന്ത്യന്‍ സമൂഹം. തൊഴില്‍ മേഖലകളിലും വാണിജ്യ-വ്യവസായ രംഗത്തും ഇന്ത്യക്കാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത രാജ്യത്തിനു അഭിമാനമാണെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പ്രസംഗിച്ചു.ഐബിപിജി പ്രസിഡണ്ട് പത്മനാചാര്യ അധ്യക്ഷനായി.ഐസിഎഐ അബുദാബി ചാപ്റ്റര്‍ ചെയര്‍മാന്‍ നീരജ് റിറ്റോലിയ സ്വാഗതവും വൈസ് ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.വ്യാഴാഴ്ച യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായും പാര്‍ലിമെന്ററി സംഘം കൂടിക്കാഴ്ച നടത്തി.

Test User: