ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് കടുത്ത നടപടി. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തല്‍.
കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി ജയരാജന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങള്‍ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീടിനകത്തേക്ക് കയറുകയായിരുന്നു.
ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. അതിനിടയില്‍ ഇത്തരം നടപടികള്‍ സാധ്യമല്ല. അതിനാല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി നടപടി സ്വീകരിക്കുകയായിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കാണ് തിരിതെളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കില്‍ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി.
ബിജെപിയില്‍ ചേരാന്‍ നേതാക്കളുമായി ഇ.പി ചര്‍ച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവായിരുന്നു പരസ്യ പ്രതികരണം. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജന്‍ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.