X

താക്കറെയെ സന്ദര്‍ശിച്ചത് സോണിയയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: 2012ല്‍ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നതിന് മുമ്പ് ബാല്‍താക്കറെയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതില്‍ സോണിയയ്ക്ക് അനിഷ്ടമുണ്ടായിരുന്നെന്ന് പ്രണബ് മുഖര്‍ജി. ആവശ്യപ്പെടാതെ തന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച താക്കറെയെ കാണുന്നതിലെ സാംഗത്യം സോണിയയുമായും ശരദ്പവാറുമായും താന്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്തുണ നല്‍കാന്‍ താക്കറെയെ സ്വാധീനിച്ച നേതാവായിരുന്നു പവാര്‍.

മുംബൈ സന്ദര്‍ശനത്തിനിടെ താക്കറെയെ സന്ദര്‍ശിക്കാമോ എന്നായിരുന്നു സോണിയയോട് തന്റെ ചോദ്യം. വീട്ടില്‍ കൂടിക്കാഴ്ച നടത്താമെന്ന് താക്കറെയില്‍ നിന്ന് തനിക്ക് ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ സോണിയയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. സാധ്യമാണെങ്കില്‍ അതൊഴിവാക്കൂ എന്നായിരുന്നു അവരുടെ നിര്‍ദേശം. അദ്ദേഹത്തിന്റെ നയങ്ങളില്‍ അവര്‍ രൂപപ്പെടുത്തിയെടുത്ത വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സോണിയ അങ്ങനെ പറഞ്ഞത്. എന്നാല്‍ ശരദ് പവാറിന്റെ ഉപദേശം തീര്‍ത്തും വ്യത്യസ്തമായിരുന്നു.

ആ കൂടിക്കാഴ്ചക്കായി താക്കറെയും അനുയായികളും കാത്തിരിക്കുകയാണ് എന്നായിരുന്നു പവാര്‍ പറഞ്ഞത്. മുംബൈ സന്ദര്‍ശനത്തിനെ തന്നെ കാണാതെ പോയാല്‍ അത് അദ്ദേഹത്തെ അപമാനിച്ചതായി താക്കറെ കരുതുമെന്നും പവാര്‍ പറഞ്ഞു. സോണിയയുടെ അതൃപ്തിക്കിടയിലും അങ്ങനെ താക്കറെയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. തനിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരാളെ അപമാനിക്കേണ്ടെന്ന് കരുതി. വിമാനത്താവളത്തില്‍ നിന്ന് താക്കറെയിലെ വീട്ടിലേക്ക് പോകാന്‍ തനിക്ക് സൗകര്യമൊരുക്കി നല്‍കണമെന്ന് പവാറിനോട് ആവശ്യപ്പെട്ടു.

അദ്ദേഹം സമ്മതിക്കുകയും ചെയ്തു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. മറാത്ത കടുവ റോയല്‍ ബംഗാള്‍ കടുവയെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ് എന്ന് താക്കറെ കളി പറയുകയും ചെയ്തു. വര്‍ഗീയ സ്വഭാവമുള്ള രാഷ്ട്രീയക്കാരനാണ് എന്ന് തനിക്കറിയാമായിരുന്നു. അതേസമയം, തനിക്ക് പിന്തുണ തന്ന ഒരു മനുഷ്യനാണ് എന്ന കാര്യവും തനിക്ക് പരിഗണിക്കേണ്ടതായുണ്ടായിരുന്നു- ഈയിടെ പ്രസിദ്ധീകരിച്ച ആത്മകഥയായ ‘ദ കോലീഷന്‍ ഇയേഴ്‌സി’ന്റെ മൂന്നാം ഭാഗത്തില്‍ പ്രണബ് എഴുതി.

2012 ജൂലൈ 13നാണ് ബാല്‍ താക്കറെയെ പ്രണബ് സന്ദര്‍ശിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായിരുന്നു അന്ന് ശിവസേന. തൊട്ടടുത്ത പ്രഭാതത്തില്‍ ഗിരിജാ വ്യാസ് എന്നെ വിളിക്കുകയും സോണിയാ ഗാന്ധിയും അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബാല്‍ താക്കറെയുമായുള്ള തന്റെ കൂടിക്കാഴ്ചയില്‍ അസന്തുഷ്ടരാണെന്ന് അറിയിക്കുകയും ചെയ്തു എന്നും പ്രണബ് എഴുതി. ആ അസന്തുഷ്ടിയുടെ കാരണം തനിക്കറിയാമായിരുന്നു. താനത് വിശദീകരിച്ചു. താന്‍ വിശ്വസിച്ചതു തന്നെയായിരുന്നു ശരി. യു.പി.എ സഖ്യകക്ഷിയായിരുന്ന മമതാ ബാനര്‍ജി തന്റെ തെരഞ്ഞെടുപ്പില്‍ മാറി നിന്ന സാഹചര്യത്തില്‍ ശരദ് പവാറിന്റെ എന്‍.സി.പി കൂടി എതിരായാല്‍ വിജയം യു.പി.എക്ക് ബുദ്ധിമുട്ടാകുമായിരുന്നു. വിവിധ വിഷയങ്ങളില്‍ യു.പി.എയില്‍ പവാറിന് അസംത്പൃതിയുള്ള കാലം കൂടിയായിരുന്നു അത്- പ്രണബ് പറയുന്നു.

chandrika: