ദോഹ: ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം നിയന്ത്രിക്കുക പോളിഷ് റഫറി സൈമണ്‍ മാര്‍ച്ചിനിയക്. ഇതോടെ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യത്തെ പോളിഷ് റഫറിയാകും മാര്‍ച്ചിനിയക്. പവല്‍ സോക്കോള്‍നികി, തോമസ് ലിസ്‌കിവിച്ച് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. യുഎസ്എയുടെ ഇസ്മായില്‍ എല്‍ഫത്താണ് ഫോര്‍ത്ത് റഫറി. പോളണ്ടിന്റെ തന്നെ തോമസ് ക്വിറ്റ്‌കോവ്‌സ്‌കിക്കാണ് വാര്‍ ചുമതല. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച രീതിയില്‍ കളി നിയന്ത്രിച്ച റഫറിമാരിലൊരാളാണ് സൈമണ്‍ മാര്‍ച്ചിനിയക്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ്-ഡെന്‍മാര്‍ക് മത്സരവും അര്‍ജന്റീന-ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ മത്സരവും നിയന്ത്രിച്ചത് സൈമണാണ്. ലോകകപ്പില്‍ ഇതുവരെ ചുവപ്പു കാര്‍ഡും പെനാല്‍റ്റിയും അനുവദിക്കാത്ത റഫറിയാണ് ഇദ്ദേഹം. എന്നാല്‍ രണ്ട് കളികളിലായി അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ ഇദ്ദേഹം പുറത്തെടുത്തിരുന്നു.
നേരത്തെ നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാര്‍ക്കെതിരെ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്യാവു ലാഹോസിനെതിരേ അര്‍ജന്റീന താരങ്ങള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മത്സരത്തില്‍ 18 കാര്‍ഡുകളാണ് റഫറി പുറത്തെടുത്തിരുന്നത്. ഫ്രാന്‍സിന് എതിരായ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറി സീസര്‍ റാമോസിനെതിരേ ഫിഫയ്ക്ക് പരാതിയുമായി മൊറോക്കോ രംഗത്തെത്തിയിരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ മത്സരത്തിലും പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തിലും റഫറിമാര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.