ന്യൂഡല്‍ഹി: പുലിമുരുകനെ പോലെ കടുവയോട് മുട്ടാനുള്ള ശ്രമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നാല്‍ നേരിട്ടല്ലെന്നു മാത്രം. ചത്തീസ്ഗഢിലെ നന്ദന്‍ വനത്തിലാണ് മോദി കടുവയെ ഉപയോഗിച്ച് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഒരു കൈ നോക്കിയത്.
വനയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ കടുവയുടെ ഫോട്ടോയെടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
വിനോദ സഞ്ചാരികള്‍ക്ക് വനക്കാഴ്ച്ചകള്‍ കാണിച്ച് കൊടുക്കുന്ന നന്ദന്‍ വനത്തിലെ പുതിയ ടൂറിസം പദ്ധതിയില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയതായിരുന്നു പ്രധാന മന്ത്രി.
കമ്പി വേലിയ്ക്ക് ഉള്ളിലുള്ള കടുവയുടെ ഫോട്ടേയെടുക്കാന്‍ ശ്രമിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് പുറത്തുവിട്ടത്. പോസ്റ്റ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി നന്ദന്‍ വനത്തില്‍ എത്തിയത്. പുതിയ ബിസിനസ് നിക്ഷേപങ്ങളുടെ വേദിയായി റായ്പൂരിനെ മാറ്റുന്ന രമണ്‍ സിംഗിന്റെ നയാ രായ്പൂര് പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്
സന്ദര്‍ശനത്തെ തുടര്‍ന്നു നന്ദന്‍ വനയാത്രയെ കുറിച്ചും ചത്തീസ്ഗഢിന് ടൂറിസത്തെ സംബന്ധിച്ചും മേദി ട്വീറ്റ് ചെയ്തു.