X

മീശ വിനീത് വീണ്ടും പിടിയില്‍; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ച ശേഷം യുവതിയെ മര്‍ദിച്ചെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. മീശ വിനീത് എന്നു വിളിക്കുന്ന വി.വിനീത്(26) ആണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ചത് തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്‍കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തി വീട്ടിനുള്ളില്‍ വച്ച് മര്‍ദിച്ച കേസിലാണ് അറസ്റ്റ്.

യൂടൂബിലൂടെ പ്രശസ്തനായ വിനീത് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. മംഗലപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അവസാനമായി അറസ്റ്റിലാകുന്നത്.

2023 ഏപ്രില്‍ മാസത്തില്‍ ആണ് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു പോകവേ പമ്പ് മാനേജരില്‍ നിന്നും പണം തട്ടിയെടുത്തത്. നഗരൂരില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ എത്തിയാണ് പമ്പ് മാനേജരില്‍ നിന്നും പണം തട്ടിയത്.

ഈ കേസില്‍ വെള്ളല്ലൂര്‍ കാട്ടുചന്ത സ്വദേശി ജിത്തുവും അറസ്റ്റിലായിരുന്നു. തമ്പാനൂര്‍, മ്യൂസിയം, കല്ലമ്പലം എന്നീ സ്‌റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതി ആണെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ നിലവില്‍ കോടതി ജാമ്യത്തില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

webdesk13: