X

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം ശിവക്ഷേത്രമാക്കി മാറ്റി ബി.ജെ.പി

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം പ്രദേശിക ക്ഷേത്രമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ ്പ്രകാരം എഡി 1320ലുള്ള ശവകുടീരമാണിത്. എന്നാല്‍ ഇത് തുഗ്ലക്ക് കാലത്തെ സ്മാരകം അല്ലെന്നും നൂറ്റാണ്ടുകള്‍ മുമ്പേ ക്ഷേത്രം ആയിരുന്നെന്നും അവകാശപ്പെട്ടാണ് മുന്‍ ബി.ജെ.പി കൗണ്‍സിലകര്‍ ഷെലേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ സ്മാരകം പുനര്‍നിര്‍മ്മിക്കുകയും രണ്ട് മാസം മുമ്പ് ശവകുടീരത്തിന് പുതിയ പെയിന്റ് അടിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങുകയുമായിരുന്നു. രണ്ട് മാസം കൊണ്ട് ചരിത്ര പ്രധാന്യമുള്ള സ്മാരകം ക്ഷേത്രമായി മാറിയ അമ്പരപ്പിലാണ് നാട്ടുകാര്‍.

അതേസമയം ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ ക്ഷേത്രമല്ലെന്ന് ഉറപ്പിക്കുന്ന ശവകുടീരം സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് തുടര്‍നടപടിക്കുള്ള നീക്കത്തിലാണ്.നിയമവിരുദ്ധ നീക്കം അംഗീകരിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കിയെങ്കിലും അധികൃതരെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തരുടെ നിലപാട്. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ എത്തുന്ന അധികൃതരെ പ്രദേശത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി.ഡല്‍ഹി സര്‍ക്കാറിന്റെ കീഴില്‍ വരുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണത്തിനായി പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്തര്‍ സ്ഥലത്ത് എത്തിയപ്പോഴും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരത്തെ തടഞ്ഞിരുന്നു.

chandrika: