കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിവെച്ച് സാധാരണക്കാർ വലയുമ്പോൾ വിഷയം പരിഹരിക്കാതെ മുന്നോട്ടുപോകുന്ന മെഡിക്കൽ കോളേജ് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
മൂന്നുമാസംകൊണ്ട് കുടിശ്ശിക കൊടുത്തുതീർക്കണം എന്ന മരുന്ന് വിതരണ കമ്പനിയുമായുള്ള കരാർ അവസാനിച്ച വിവരം നേരത്തെ തന്നെ മരുന്നു വിതരണ കമ്പനിക്കാർ അധികാരികളെയും സൂപ്രണ്ടിനെയും അറിയിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതിരിക്കുകയും ഈ മാസം പത്ത് മുതൽ പൂർണ്ണമായ മരുന്നു വിതരണം നിർത്തുമെന്ന് അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാതെ തുടരുകയുമാണ്.ഏകദേശം 9 മാസത്തോളമുള്ള കുടിശികയാണ് ഈ രീതിയിൽ കൊടുത്തു തീർക്കാനുള്ളത്.
സാധാരണക്കാർ അവലംബിക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ അവരുടെ മരുന്ന് വിതരണം തടസ്സപ്പെട്ടതിന് മാന്യമായ പരിഹാരം കാണാൻ കാലതാമസം വരുത്തുന്ന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാട് പ്രതിഷേധകരമാണ്.ഇത്തരം നിരവധി വിഷയങ്ങൾ നേരിടുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ജനുവരി അവസാനവാരം തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കീഴരിയൂർ പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ കോളേജ് സമരസമിതിയുടെ കൺവീനർ എ ഷിജിത്ത് ഖാൻ സ്വാഗതം പറഞ്ഞു.മാർച്ച് പോലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ഓഫിസ് ഉപരോധിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ജില്ലാ ഭാരവാഹികളായ ഷഫീഖ് അരക്കിണർർ, എസ് വി ശൗലിക്ക്,എം ടി സൈദ് ഫസൽ,ഷൗക്കത്ത് മൂഴിക്കൽ,കെ കുഞ്ഞിമരയ്ക്കാർ,സിദ്ദീഖ് തെക്കയിൽ,സുബൈർ വെള്ളിമടുക്കുന്ന്, സാബിത് മയനാട്,യൂനസ് സലീം,സിദ്ധീക്ക് മലയമ്മ,മുസ്തഫ കോട്ടപ്പറമ്പ്,അൻഫാസ് കാരന്തൂർ,സാബിത്ത് കാരന്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.