തൃശ്ശൂര്‍: മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായി രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ചെറിയതോതില്‍ വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്കാണ് 0.53638 ശതമാനം വില കൂടുക.
പുതിയ സൂചികപ്രകാരം നിലവില്‍ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്‌റ്റെന്റുകള്‍ക്ക് 165 രൂപ കൂടി 30,812 ആകും. ബെയര്‍ മെറ്റല്‍ സ്‌റ്റെന്റുകളുടെ വില 8417ല്‍നിന്ന് 8462 രൂപയായാണ് മാറുക.
ഓരോ മരുന്നുമെടുത്തുനോക്കുമ്പോള്‍ ചെറിയ നിരക്കിലാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ വിലയുള്ള മരുന്നുകളുടെ കാര്യത്തില്‍ വര്‍ധന രോഗികള്‍ക്ക് വലിയ ഭാരമായിത്തീരും.
വിലക്കൂടുതല്‍ കൂടുതല്‍ ബാധിക്കുക ജീവിതശൈലീരോഗികളെയാണ്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ ദിവസവും മരുന്ന് കഴിക്കുന്നുണ്ട്. ചെറിയ വര്‍ധനപോലും ഇവരുടെ മാസബജറ്റിനെ കാര്യമായി ബാധിക്കും.