ലക്‌നൗ: ഖൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് കമ്മിറ്റി കണ്ടെത്തി. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കഫീല്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് വീണ്ടും കഫീല്‍ ഖാന് കുരുക്കിടാനുള്ള ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നു മാത്രമല്ല, അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച്് ജനങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചെന്നും സസ്‌പെന്‍ഷന്‍ കാലത്ത് സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് അദ്ദേഹത്തിനെതിരെ ഡിപ്പാര്‍ട്‌മെന്റല്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കഫീല്‍ ഖാന് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഏഴു കുറ്റങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിനുമേല്‍ അന്വേഷണം തുടരുകയാണെന്നും യു.പി പ്രിന്‍സിപ്പല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ സെക്രട്ടറി രജനിഷ് ദുബേ പറഞ്ഞു.
അഴിമതി, ചികിത്സയിലെ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ കഫീല്‍ ഖാന് ഉത്തരവാദിത്വമില്ലെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്നത്. സംഭവം നടക്കുമ്പോള്‍ കഫീല്‍ ഖാന്‍ മസ്തിഷ്‌ക വീക്കം വിഭാഗം വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സിജന്റെ വിതരണത്തിലും ടെന്‍ഡറിലും പണമടക്കലിലും കഫീല്‍ ഖാന് ഉത്തരവാദിത്വമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.