ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം ദുരിതമനുഭവിച്ച കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതി. നീതി ലഭിക്കുന്നതിന് വേണ്ടി യുവതി നിയമപോരാട്ടത്തിലേക്ക്. റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനെന്ന പേരില്‍ ആരോഗ്യമന്ത്രി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് ഒരു മാസമായെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് പന്തീരങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഇതേ ആശുപത്രിയില്‍ വെച്ച് കത്രിക പുറത്തെടുത്തെങ്കിലും ഹര്‍ഷിനയുടെ ദുരുതം അവസാനിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാതെ നടപടി വൈകിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്.
ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ യുവതി പരസ്യമായി പ്രതികരിച്ചപ്പോഴാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കത്രിക പുറത്തെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. തനിക്ക് ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു