യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും വിദഗ്ധ സംഘത്തിന്റെയാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷം മുന്‍പ് കോഴിക്കോട് സ്വദേശിയായ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സിസേറിയന് വിധേയയാകുന്നത്. അസഹ്യമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വയറ്റില്‍ കത്രിക ഉണ്ടെന്ന കാര്യം അറിയുന്നത്. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രണ്ട് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍ കോളേജിലെ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കത്രിക നഷ്ടപ്പെട്ടതായി കാണുന്നില്ല. എന്നാല്‍ 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിയില്‍ വച്ചാണ്. ആ സമയങ്ങളില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടുത്തെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.