തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പാകെ ബി.ജെ.പി നേതാക്കള്‍ ഹാജരായില്ല.
ബി.ജെ.പിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ബി.ജെ.പി വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരാണ് അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാതിരുന്നത്.
നേരത്തെ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഇരുവരും അസൗകര്യം അറിയിക്കുകയായിരുന്നു. അതെസമയം, ഈ മാസം 22ന് ഹാജരാകണമെന്നും ഇനിയൊരു അവധി നല്‍കില്ലെന്നും വിജിലന്‍സ് ഇരുവരെയും അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന് ശേഷം ഹാജരായാല്‍ മതിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങളെ അറിയിച്ചത്.
രണ്ടു തവണ വിജിലന്‍സ് നോട്ടീസ് നല്‍കിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഹാജരാകാമെന്ന് വിജിലന്‍സിന് കമ്മീഷന്‍ അംഗങ്ങള്‍ ഉറപ്പു നല്‍കിയത്. അതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഈ മാസം 21നും സതീഷ് നായരെ 24നും വിജിലന്‍സിന് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് കാട്ടി വിജിലന്‍സ് നോട്ടീസ് അയച്ചിട്ടുണ്ട്.