തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും. വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്ന ആവശ്യം മാനേജ്‌മെന്റുകള്‍ അംഗീകരിച്ചാല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിക്കും. അല്ലാത്തപക്ഷം ശക്തമായ സമരത്തിനാകും കേരളം സാക്ഷ്യംവഹിക്കുക.
പ്രതിപക്ഷവുമായി ആശയവിനിമയത്തിനു പോലും തയാറാകാതെ ഇതുവരെയും കടുത്ത നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉച്ചയോടെ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറായി. തുടര്‍ച്ചയായ ആറാംദിവസവും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെയാണ് മുഖ്യമന്ത്രി അയഞ്ഞത്. ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. അതിനു ശേഷം മുഖ്യമന്ത്രി അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷത്തിന് നല്‍കിയ ഉറപ്പ് പ്രകാരം ഫീസ് കുറക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ വെക്കും. മാനേജ്‌മെന്റുകള്‍ ഇതിന് തയാറായാല്‍ ഒരാഴ്ചയായി നടന്നുവരുന്ന സമരം അവസാനിക്കും.
നിയമസഭ ചേര്‍ന്ന ആദ്യദിനം തന്നെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു സംസാരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകകൂടി ചെയ്തതോടെയാണ് സ്വാശ്രയ പ്രശ്‌നം യു.ഡി.എഫ് ഏറ്റെടുക്കുകയും എം.എല്‍.എമാര്‍ നിരാഹാരം ആരംഭിക്കുകയും ചെയ്തത്.
ഇതിനിടെ ഇന്നലെ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ ഫീസ് കുറക്കാന്‍ തയാറാണെന്ന് പറഞ്ഞത് സര്‍ക്കാറിനെ വെട്ടിലാക്കി. മറ്റ് കോളജുകള്‍ ഇതിനെ അനുകൂലിച്ചിട്ടില്ല. ഇന്നുചേരുന്ന മാനേജ്‌മെന്റുകളുടെ യോഗത്തില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകും. ഫസല്‍ ഗഫൂര്‍ ഫീസ് കുറച്ചു നല്‍കാമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് മറ്റ് മാനേജ്‌മെന്റുകള്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദ്ദേശം മറികടന്ന് ഫീസില്‍ മാറ്റം വരുത്താന്‍ സാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറക്കാന്‍ തയാറാണെന്നും ഫീസ് കുറയ്ക്കുന്നത് കോളജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നുമാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ചാലും നഷ്ടമുണ്ടാകില്ല. മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറക്കാന്‍ തയാറാകണം. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിച്ചത്. ഫീസ് കുറക്കാമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രധാന നേതാക്കളിലൊരാള്‍ സന്നദ്ധത അറിയിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നു കൂടി വ്യക്തമായി.