മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഫണ്ടില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. സർക്കാറില്‍നിന്നും 25 കോടി രൂപയാണ് ആശുപത്രിക്ക് ലഭിക്കാനുള്ളത്. ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്തു.
സർക്കാരില്‍നിന്ന് കിട്ടാനുള്ള 25 കോടി രൂപയില്‍ ഏഴ് കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്ന് ആശുപത്രി വികസന സമിതി സർക്കാറിനെ അറിയിച്ചു. കാസ്പ് -18.53 കോടി, കെ.ബി.എഫ് -3.28 കോടി, ആരോഗ്യ കിരണം പദ്ധതി -ഒരു കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ഇതില്‍ നാല് കോടിയോളം രൂപ കാർഡിയോളജി വിഭാഗത്തിലേക്ക് സ്റ്റെന്റ് വാങ്ങിയ ഇനത്തിലും രണ്ടര കോടിയോളം രൂപ ലാബ്, ഫാർമസി, എം.ആർ.ഐ സ്കാനിങ് നിരക്ക് ഇനത്തിലും നല്‍കാനുണ്ട്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും 38 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
ആശുപത്രി അക്കൗണ്ടില്‍ ആകെയുള്ളത് 19 ലക്ഷം രൂപയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് നിലവിലുള്ള പണം വിനിയോഗിക്കുന്നത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ വിതരണം നിർത്തുമെന്ന് ബന്ധപ്പെട്ട ഏജൻസികള്‍ ആശുപത്രി അധികൃതർക്ക് മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വീണ്ടും സർക്കാറിനോട് ആവശ്യപ്പെടാൻ വികസന സമിതി തീരുമാനിച്ചു.