തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. നിലവില്‍ എല്ലാ ക്യാമ്പുകളിലും കെ.എം.എസ്.സി.എല്‍ മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ അധികം സ്റ്റോക്കുള്ള മരുന്നുകള്‍ കൂടി ക്യാമ്പുകളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മരുന്നുകളാണ് ക്യാമ്പുകളിലുള്ളത്. മരുന്നുകള്‍ക്ക് ഒരുതരത്തിലും കുറവുണ്ടാകാതിരിക്കാനാണ് അധികമായി ക്യാമ്പുകളില്‍ ശേഖരിച്ച് വെക്കുന്നത്. ഇതോടൊപ്പം ഏത് അടിയന്തര സാഹചര്യമുണ്ടായാലും സജ്ജമായിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആസ്പത്രികളിലേയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.