ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറിയ റിപ്പോര്‍ട്ടിലാണ് മരണ കാരണം എന്തെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. എഫ്.ബി.ഐ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടും ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടുമാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഒരിക്കല്‍കൂടി പരിശോധിക്കാനും നിഗമനത്തിലെത്താനാവുമോ എന്ന് പരിശോധിക്കാനും മെഡിക്കല്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഡല്‍ഹി, ഛണ്ഡീഗഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയതാണ് മെഡിക്കല്‍ ബോര്‍ഡ്. വിഷാംശം അകത്തു ചെന്നതാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി എഫ്.ബി.ഐ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനാ ഫലത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിഷാംശം ഏതെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അമിത മരുന്നുപയോഗമാണോ മരണ കാരണമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
2014 ജനുവരി 17നാണ് സുനന്ദയെ ദക്ഷിണ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ട്വിറ്ററിലൂടെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ദിവസങ്ങള്‍ക്കകമായിരുന്നു ദുരൂഹ സാഹചര്യത്തിലുള്ള മരണം. ശശി തരൂര്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് കേസില്‍ ചോദ്യം ചെയ്തിരുന്നു. തരൂരിന്റെ വീട്ടുസഹായി നാരായണ്‍ സിങ്, ഡ്രൈവര്‍ ബജ്‌റംഗി, അടുത്ത സുഹൃത്ത് സഞ്ജയ് ദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ നുണപരിശോധനക്ക് വിധേയരാക്കിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
സുനന്ദയുടെ ഫോണില്‍നിന്നുള്ള ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമിത്തിലാണ് തങ്ങളെന്ന് പൊലീസ് പറഞ്ഞു. കൂടാതെ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.യുടെ ലാബില്‍ സുനന്ദയുടെ ആന്തരീകാവയവ പരിശോധന നടത്തിതിന്റെ അവസാന നിഗമനങ്ങളടങ്ങിയ റിപ്പോര്‍ട്ടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.