X

സ്വാശ്രയവിഷയം: പ്രതിപക്ഷം ഇറങ്ങിപ്പോയി; സഭ തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള വരെ റദ്ദാക്കി. പ്രശ്‌നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു ഇതു സ്പീക്കര്‍ നിരാകരിച്ചതോടെയാണ് സഭ സതംഭിച്ചത്. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധിച്ച് സഭയില്‍ നി്ന്നും ഇറങ്ങിപ്പോയതോടെ നിര്‍ത്തിവെച്ച സഭ വീണ്ടും തുടങ്ങി.

നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സഭയ്ക്ക് അകത്തും പ്രതിപക്ഷനീക്കം ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച സഭാനടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിറകേ എംഎല്‍എമാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്‌. എംഎല്‍എമാരുടെ നില അതീവ ഗുരുതരമാണെന്നും പ്രശ്നത്തില്‍ അടിയന്തരമായി സ്പീക്കര്‍ ഇടപെടണമെന്നുമായിരുന്നു അവരുടെ ആവശ്യം.

സ്വാശ്രയകോളേജ് പ്രവേശന വിഷയത്തില്‍ നിരാഹരത്തിലുള്ള എംഎല്‍എമാരുടെ ആരോഗ്യനില വഷളായതായി അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എംഎല്‍എമാരുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി യോഗം വിളിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ സഭ താത്കാലികമായി നിര്‍ത്തിവച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് ക്യാമ്പിന്റെ തീരുമാനം.

ഇതിനിടെ പ്രശ്നത്തിന് പരിഹാരം തേടി സി.ദിവാകരന്‍ എഎല്‍എ മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച സി.ദിവാകരന്‍ മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തുന്നുണ്ട്.

Web Desk: