X

സ്വാശ്രയ ചര്‍ച്ച പരാജയം: ഫീസ് ഇളവ് അടഞ്ഞ അധ്യായമെന്ന് മാനേജ്‌മെന്റ്

ചര്‍ച്ചക്ക് ശേഷം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി. കൃഷ്ണദാസ് മാധ്യമളോട് സംസാരിക്കുന്നു

തിരവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയം. സ്വാശ്രയ വിഷയത്തില്‍ ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഫീസ് ഇളവ് അടഞ്ഞ അധ്യായമാണെന്നും അങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടല്ല ചര്‍ച്ചക്ക് എത്തിയതെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

ഇപ്പോള്‍ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവുണ്ട്. സ്വാശ്രയ സമരത്തിന്റെ പശ്ചാത്തലത്തില്‍ അല്ല ഇന്നത്തെ ചര്‍ച്ച. ഫീസ് ഇളവ് അഭ്യൂഹം മാത്രമാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് പി. കൃഷ്ണദാസ് പറഞ്ഞു. കാരാറുമായി ബന്ധപ്പെട്ട ഒരു തരത്തിലുമുള്ള മാറ്റത്തിനും മാനേജ്‌മെന്റ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തിയതിന് ശേഷമാണ് മാനേജ്മെന്‍റ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഈ ചർച്ചയാണ് അന്തിമ തീരുമാനമാകാതെ പരാജയപ്പെട്ടത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്നാണ് എം.ഇ.എസ് അടക്കമുള്ള മാനേജുമെന്‍റുകൾ  നിലപാട് സ്വീകരിച്ചിരുന്നത്.

സ്വാശ്രയ പ്രശ്നത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ നിഷേധാത്മക സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ച സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാൻ മാനേജ്മെന്‍റ് തയാറായാൽ സമരം അവസാനിപ്പിക്കാമെന്നാണ് യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നത്.

അതേസമയം, ഏഴു ദിവസമായി നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാലു മണിയോടെ പ്രത്യേക ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

Web Desk: