മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണവിലക്കിന് സ്‌റ്റേ നല്‍കി സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഒരുതരത്തിലും സ്‌റ്റേ അനുവദിക്കരുതെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചാനലിന് മുമ്പുള്ള പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് വിലക്ക് സ്‌റ്റേ ചെയ്തത്.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് പത്തിനായിരുന്നു സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിരുന്നു. ജനുവരി 31 നാണ് ചാനലിന്റെ സംപ്രേക്ഷണം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താവിനിമയ മന്ത്രാലയം തടഞ്ഞത്.