തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ തടഞ്ഞു.
ഇന്ന് രാവിലെ 9.30 നാണ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം പൊതു താല്‍പര്യമുള്ള പരിപാടിയല്ലെന്നും അതു കൊണ്ട് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാവിലെ 9.30 ന് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറുക. മന്ത്രിക്കെതിരാ ഫോണ്‍ കെണിയില്‍ ഗൂഢാലോചനയുണ്ടോ, സംഭാഷണം എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പി എസ് ആന്റണി കമ്മീഷന്‍ അന്വേഷിച്ചത്.