X

മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കും; മതിലുണ്ടാക്കാന്‍ തന്ത്രവുമായി ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിക്കും മെക്‌സിക്കോക്കും ഇടയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില്‍ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താനാണ് ട്രംപിന്റെ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുള്ള പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു മതില്‍ നിര്‍മ്മാണം.

കുടിയേറ്റം തടയുന്നതിനാണ് ട്രംപിന്റെ പുതിയ നീക്കം. ഇതിനായി മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തുന്നത്. ഇതിലൂടെ പ്രതിവര്‍ഷം പത്ത് ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാ്ന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മതില്‍ പണിയുന്നതിനുള്ള ഉത്തരവില്‍ കഴിഞ്ഞ ബുധനാഴ്ച്ച ട്രംപ് ഒപ്പുവെച്ചിരുന്നു.

എന്നാല്‍ മതില്‍ നിര്‍മ്മാണത്തെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നെറ്റോ വാഷിംങ്ടണ്‍ സന്ദര്‍ശനം റദ്ദാക്കി. അടുത്ത ആഴ്ച്ചയായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. മെക്‌സിക്കോയുടെ ചിലവില്‍ മതില്‍ നിര്‍മ്മിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

chandrika: