മക്കയിലെ വിശുദ്ധ ഹറം മസ്ജിദില്‍ ഏഴ് വര്‍ഷം മുമ്പേ നടന്ന ക്രെയിന്‍ ദുരന്തം പുനരന്വേഷിക്കാന്‍ സഊദി സുപ്രിം കോടതി ഉത്തരവിട്ടു. കേസ് പുതിയ ജുഡീഷ്യല്‍ കമ്മിറ്റി അന്വേഷിക്കാനാണ് സഊദിയിലെ പരമോന്നത കോടതിയുടെ ഉത്തരവ്. കേസില്‍ നേരത്തെ ബന്ധപ്പെട്ട ജഡ്ജിമാരില്‍ ആരെയും ഈ കമ്മിറ്റിയില്‍ ഉള്‍പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. 2015 സെപ്തംബര്‍ 11 നുണ്ടായ 108 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ ഉള്‍പ്പെട്ട പ്രതികളെ എല്ലാവരെയും വെറുതെ വിട്ട കീഴ് കോടതികളുടെ നടപടികളാണ് പബ്ലിക് പ്രോസി ക്യൂഷന്റെ അപ്പീലിനെ തുടര്‍ന്ന് സുപ്രിംകോടതി റദ്ദാക്കിയത്. കേസില്‍ പെട്ട 13 പ്രതികളില്‍ പത്ത് പ്രതികളുടെ സാന്നിധ്യത്തിലാണ് സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് .
2020 ഡിസംബറിലാണ് കരാര്‍ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പിനെയും കേസിലെ മറ്റു പ്രതികളെയും വെറുതെ വിടാന്‍ മക്ക ക്രിമിനല്‍ കോടതി വിധിയുണ്ടായത്. ഈ വിധി 2021 ആഗസ്റ്റ് നാലിന് അപ്പീല്‍ കോടതി ശരി വെക്കുകയും ചെയ്തിരുന്നു. 2017 ഒക്ടോബര്‍ ഒന്നിനായിരുന്നു പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കേസിന്റെ പ്രാഥമികവിധി. പ്രതികൂലമായ കാലാവസ്ഥയിലുണ്ടായ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു ഇരു കോടതിയുടെയും കണ്ടെത്തല്‍. അപ്പീല്‍ കോടതി ശരിവെച്ചതോടെ ഏറെ ശ്രദ്ധ നേടിയിരുന്ന ഈ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരും മോചിതരായിരുന്നു.
സഊദി ബിന്‍ലാദന്‍ ഗ്രൂപ്പും ഉദ്യോഗസ്ഥരും ഉള്‍പ്പടെ 13 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 2015 സെപ്തംബര്‍ 11 ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചേകാലോടെയാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ മലയാളിയുള്‍പ്പടെ 111 പേര്‍ മരണപ്പെടുകയും 394 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.