ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിജനകം (വാക്‌സിന്‍) നല്‍കുന്ന പ്രവര്‍ത്തിയാണ് വാക്‌സിനേഷന്‍ എന്ന് പറയുന്നത്.ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വാക്‌സിനേഷന്‍ എടുത്താല്‍ ആ സമൂഹത്തിന് മുഴുവനായി രോഗപ്രതിരോധശേഷി ലഭിക്കുകയും തന്മൂലം സാംക്രമിക രോഗങ്ങള്‍ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എഡ്വേഡ് ജന്നര്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വികസിപ്പിച്ചെടുത്ത വസൂരി വാക്‌സിനാണ് ഇതുവരെ ലോകത്ത് ഏറ്റവും കൂടുതല്‍ ജീവനുകള്‍ രക്ഷപ്പെടാന്‍ കാരണമായ കണ്ടുപിടിത്തമെന്ന് വിലയിരുത്തപ്പെടുന്നത്..
ശാസ്ത്രം പുരോഗമിച്ചതോടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സാംക്രമിക രോഗങ്ങള്‍ ബാക്ടീരിയ,വൈറസ്, ഫംഗസ്, തുടങ്ങിയ സൂക്ഷ്മജീവികള്‍ കൊണ്ടാണെന്ന് ശാസ്ത്രീയമായി മനസ്സിലായത്. പിന്നീടാണ് ഇവയെങ്ങനെ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിച്ച് അസുഖങ്ങള്‍ ഉണ്ടാക്കുന്നുവെന്നും, അവയെ ശരീരം എങ്ങനെയാണ് പ്രതിരോധിക്കുന്നുമുള്ള സുസ്ഥാപിത പഠനങ്ങള്‍ അംഗീകരിക്കപ്പെടുന്നത്.
വാക്‌സിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നമ്മുടെ പ്രതിരോധം സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചര്‍മം, ഉമിനീര്‍, ആമാശയത്തിലെ ആസിഡുകള്‍ മുതലായ ആദ്യഘട്ട പ്രതിരോധം മറികടന്ന് രക്തചംക്രമണത്തില്‍ എത്തിച്ചേരുന്ന രോഗാണുക്കളെ പ്രതിരോധിക്കാന്‍ സങ്കീര്‍ണമായ ശൃംഖലയാണുള്ളത്. ശരീരത്തിനുള്ളില്‍ പ്രവേശിച്ച രോഗാണുവിനെ ആദ്യഘട്ടത്തില്‍ വിഴുങ്ങുന്നത് മാക്രോഫേജുകളാണ്. പിന്നീട് വൈറസിന്റെ പുറത്തുള്ള ചില പ്രോട്ടീനുകള്‍ ടി സെല്‍(T c-e-l-l ) ബി സെല്‍(B c-e-l-l) എന്നീ വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്ന തിലൂടെ ഇവയെ രോഗാണുക്കളെ നശിപ്പിക്കാന്‍ പ്രാപ്തരാക്കുന്നു .ഓരോ ബി സെല്ലും പുറത്ത് പ്രത്യേക ആകൃതിയില്‍ ഉള്ള പ്രോട്ടീന്‍ വഹിക്കുന്നുണ്ട് ,ഇതിലേതെങ്കിലും ഒരു പ്രോട്ടീന്‍ വൈറസുകളുടെ പുറത്തെ പ്രോട്ടീനുമായി കൂടിച്ചേരുന്നതോടെ രൂപമാറ്റം വരുന്ന ബി സെല്‍ അനേകം ആന്റിബോഡികള്‍ നിര്‍മിക്കാന്‍ തുടങ്ങുന്നു. ഈ ആന്റിബോഡികള്‍ സകല വൈറസുകളുടെയും പുറത്തുള്ള ആന്റിജെനുമായി (an-ti-g-en) പറ്റി പിടിക്കുകയും അങ്ങനെ വൈറസുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു.ഇത്തരത്തിലുള്ള ചില ബി സെല്ലുകള്‍ മെമ്മറി ബി സെല്ലുകളായി രൂപാന്തരം പ്രാപിക്കുകയും പിന്നീട് ജീവിത കാലയളവില്‍ എപ്പോഴെങ്കിലും ആ പഴയ വൈറസ് ആക്രമിക്കാന്‍ വന്നാല്‍ ഉടനടി ആന്റിബോഡി നിര്‍മ്മിച്ച് പ്രതിരോധിക്കുന്നത് ഈ മെമ്മറി സെല്ലുകളാണ്. ഇത്തരത്തിലുള്ള മെമ്മറിയില്‍ സെല്ലുകളാണ് വാക്‌സിനേഷന്‍ എന്ന പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്നത്.
പ്രധാനമായും രണ്ടുതരത്തിലുള്ള വാക്‌സിനുകളാണുള്ളത്. നിര്‍ജീവമായ രോഗാണുക്കള്‍ (k-i-l-l-e-d v-a-c-c-in-e) കൊണ്ട് ഉണ്ടാക്കിയതും രോഗങ്ങളുണ്ടാക്കാന്‍ കഴിയാത്ത വിധം ശോഷിതമായ രോഗാണുക്കള്‍കൊണ്ട്(l-iv-e v-a-c-c-in-e) ഉണ്ടാക്കിയതും. ഇത്തരത്തിലുള്ള വാക്‌സിനുകള്‍ നമ്മുടെ ശരീരത്തില്‍ അണുബാധ ഏല്‍പ്പിക്കുന്ന അവസ്ഥയുണ്ടാക്കുകയും അണുബാധയെ പ്രതിരോധിക്കാന്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് യഥാര്‍ത്ഥ അണുബാധയുണ്ടായാല്‍ ഉടനടി പ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി രോഗാണുക്കളില്‍ നിന്ന് രക്ഷ നേടിത്തരുന്നു.
ഒട്ടനവധി സാംക്രമിക രോഗങ്ങളെ ഇന്നു നാം വാക്‌സിനേഷനിലൂടെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് വസൂരി എന്ന മാരക അസുഖം പൂര്‍ണ്ണമായും ഭൂമിയില്‍നിന്ന് തുടച്ചു നീക്കപ്പെട്ടതിനുശേഷം ഇന്ന് പോളിയോ എന്ന അസുഖവും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. 2013 സെപ്റ്റംബര്‍ മാസത്തില്‍ ലോകാരോഗ്യസംഘടനയുടെ തെക്കു കിഴക്കന്‍ മേഖലാ സമ്മേളനത്തില്‍ എടുത്ത ഒരു സുപ്രധാന തീരുമാനം ആണ് മിസല്‍സ്(അഞ്ചാംപനി) റുബെല്ല (ജര്‍മന്‍ മീസല്‍സ്).എന്നീ മാരക അസുഖങ്ങളെ 2020 ഉന്മൂലനം ചെയ്യുക എന്നുള്ളത്.ഒരു വര്‍ഷം ഏകദേശം നാല്പതിനായിരം കുഞ്ഞുങ്ങളാണ് മീസല്‍സ് എന്ന അസുഖം മൂലവും അതിന്റെ സങ്കീര്‍ണതങ്ങള്‍ മൂലവും ഭാരതത്തില്‍ മരണമടയുന്നത് .ലോകത്തില്‍ മീസല്‍സ് മൂലമുള്ള മരണസംഖ്യയില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതുപോലെ ആയിരത്തിലൊരു നവജാതശിശു റുബല്ല കാരണം മരിക്കുകയോ വൈകല്യങ്ങള്‍ക്കടിപ്പെടുകയോ ചെയ്യുന്നു.
ഈ ഒരു സാഹചര്യത്തിലാണ് മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്. യജ്ഞത്തിന്റെ പരിപൂര്‍ണ വിജയത്തിനു തടസ്സം നില്‍ക്കുന്നത്, വാക്‌സിനേഷനെക്കുറിച്ചുള്ള അജ്ഞതയും അതു വളര്‍ത്തുന്ന കുപ്രചരണങ്ങളുമാണ്. അതുകൊണ്ട് വാക്‌സിനേഷനെക്കുറിച്ചു ശാസ്ത്രീയമായ അവബോധം നമ്മള്‍ വളര്‍ത്തേണ്ടതുണ്ട്.
എന്താണ് മീസില്‍സ്, റുബല്ല രോഗങ്ങള്‍?
കുട്ടികളില്‍, പ്രത്യേകിച്ച്, അഞ്ചു വയസ്സില്‍ താഴെയുള്ളവരില്‍ വയറിളക്കം ന്യൂമോണിയ തലച്ചോറിലെ അണുബാധ എന്നിവയ്ക്കു കാരണമാകുന്ന വളരെ പെട്ടെന്നു പകരുന്ന രോഗമാണ് മീസില്‍സ് (അഞ്ചാംപനി). ഇന്ത്യയില്‍ മീസില്‍സ് ബാധിച്ച് ഓരോ വര്‍ഷവും 40000ല്‍ അധികം കുട്ടികളാണ് മരിക്കുന്നത്.
ഗര്‍ഭിണിയെ ബാധിക്കുകയും അതുവഴി ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനോ ഗുരുതരമായ ജന്മവൈകല്യങ്ങള്‍ക്കോ ഇടയാക്കുന്ന രോഗമാണ് റുബല്ല. ഇതു നവജാതശിശുക്കളില്‍ 1000ത്തില്‍ 1 എന്ന നിരക്കില്‍ ഇന്ത്യയില്‍ കാണപ്പെടുന്നു.
ജനിതക റുബല്ല സിന്‍ഡ്രോം എന്താണ്?
ഗര്‍ഭകാലത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നുമാസത്തിനിടയ്ക്ക്, ഗര്‍ഭിണിയ്ക്ക് റുബല്ല ബാധിക്കുന്നതു മൂലം, ഗരഭസ്ഥശിശുവിനുണ്ടാകുന്ന ഗുരുതരപ്രത്യാഘാതങ്ങളേയാണ് ജനിതക റുബല്ല സിന്‍ഡ്രോം (ഇീിഴലിശമേഹ ഞൗയലഹഹമ ട്യിറൃീാല) എന്നു പറയുന്നത്.
അതുമൂലം നവജാതശിശുവിന് അന്ധത, ബധിരത, ഹൃദയ വൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം, കരള്‍ രോഗങ്ങള്‍ എന്നിവ ബാധിക്കാവുന്നതാണ്.
മീസില്‍സ്‌റുബല്ല പ്രതിരോധ കുത്തിവയ്പ് എന്തിനാണ്?
കുട്ടികളില്‍ മീസില്‍സ്, റുബല്ല രോഗങ്ങള്‍ വരുന്നതു തടയാന്‍ പ്രതിരോധ കുത്തിവയ്പ് സഹായകമാകും.
ഈ വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്നതാണോ?
അതെ. ഒരു വയസ്സിനു മുന്‍പ് നല്‍കിയ കുത്തിവയ്പിനു 85 ശതമാനവും ഒരു വയസ്സിനു ശേഷം നല്‍കിയതിനു 95 ശതമാനവും സംരക്ഷണം നല്‍കാനാകും.
മീസില്‍സ്, റുബല്ല എന്നിവ ഒരുമിച്ചു നല്‍കുന്നതിലൂടെ രണ്ടിന്റേയും ഫലപ്രാപ്തി നഷ്ടപ്പെടുമോ?
ഇല്ല. ഒരുമിച്ചു നല്‍കുന്നതു മൂലം രണ്ടിന്റേയും ക്ഷമത ഒരിക്കലും കുറയുന്നില്ല.
കുട്ടിയ്ക്ക് പനിയോ, അഞ്ചാം പനി, റുബല്ല എന്നിവയോ മുമ്പു ബാധിച്ചിട്ടുണ്ടെങ്കില്‍ ഈ വാക്‌സിന്‍ നല്‍കേണ്ടതുണ്ടോ?
വേണം. മുമ്പ് ഒരു രോഗം ബാധിച്ചിരുന്നോ എന്നതു കണക്കിലെടുക്കാതെ തന്നെ എല്ലാ കുട്ടികള്‍ക്കും മാര്‍ഗനിര്‍ദേശ പ്രകാരമുള്ള രണ്ടു ഡോസ് മീസില്‍സ്‌റുബല്ല വാക്‌സിന്‍ നല്‍കേണ്ടതാണ്.
എന്താണ് മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞം?
10 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് എംആര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള യജ്ഞമാണിത്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണ് പരിശ്രമിക്കുന്നത്. അഞ്ചാംപനി, റുബല്ല എന്നിവ മൂലമുള്ള മരണം, അംഗവൈകല്യം എന്നിവ കുറയുന്നതിനു സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്‌സിന്‍ നേരത്തേ നിശ്ചയിച്ചിരുന്ന കുട്ടിക്ക് മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി കുത്തിവയ്പ് എടുക്കേണ്ടതുണ്ടോ?
അതെ. മുമ്പ് വാക്‌സിന്‍ ലഭിച്ചിരുന്നോ എന്നത് കണക്കിലെടുക്കാതെ ഒരു അധിക/പൂരക ഡോസായി നിശ്ചിത വയസ്സിനകത്തുള്ള കുട്ടികള്‍ക്ക് മീസില്‍സ്‌റുബല്ല വാക്‌സിന്‍ നല്‍കേണ്ടതാണ്.
9 മാസം പ്രായത്തിനു മുന്‍പു തന്നെ മീസില്‍സ്‌റുബല്ല വാക്‌സിന്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇനിയും അതു നല്‍കേണ്ടതുണ്ടോ?
അതേ, പ്രതിരോധചികിത്സാ പട്ടികപ്രകാരം രണ്ടു ഡോസ് ലഭിക്കാത്ത കുട്ടികള്‍ക്ക് 5 വയസ്സുവരെ പട്ടികപ്രകാരവും 15 വയസ്സുവരെ മീസില്‍റുബല്ല പ്രതിരോധയജ്ഞപ്രകാരവും നല്‍കാവുന്നതാണ്.
മീസില്‍സ്‌റുബല്ല പ്രതിരോധയജ്ഞത്തിനു തുടര്‍ പരിപാടിയുണ്ടോ?
ആരംഭത്തിലെ യജ്ഞത്തിനു ശേഷം സമൂഹരോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യം പോലെ അധികയജ്ഞം നടത്തുന്നതാണ്. ഇപ്പോളത്തെ യജ്ഞത്തിനു ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ക്കായിരുക്കും അപ്പോള്‍ വാക്‌സിന്‍ നല്‍കുക.
രണ്ടാം വയസ്സിനു ശേഷം ആദ്യഡോസ് എടുക്കാന്‍ കുട്ടിയെ കൊണ്ടുവന്നാല്‍ കുട്ടിക്ക് രണ്ടാമത്തെ ഡോസ് നല്‍കേണ്ടതുണ്ടോ?
പ്രതിരോധചികിത്സ പട്ടികപ്രകാരം തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്. (912 മാസം ഒന്നാം ഡോസ്, 1624 മാസം രണ്ടാം ഡോസ്). എങ്കിലും രണ്ടു വയസ്സിനു ശേഷം ആദ്യഡോസിനു കൊണ്ടുവന്നാല്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് നല്‍കാവുന്നതാണ്. ഇത് 5 വയസ്സിനകം പൂര്‍ത്തീകരിച്ചിരിക്കണം.
എവിടെ നിന്നാണ് വാക്‌സിന്‍ ലഭിക്കുക?
നിശ്ചിത വയസ്സുള്ള കുട്ടികള്‍ക്കു സ്‌കൂള്‍, അംഗന്‍വാടി, തിരഞ്ഞെടുത്ത മറ്റു സ്ഥലങ്ങളിലെ ക്യാമ്പുകളില്‍ നിന്നും വാക്‌സിന്‍ ലഭിക്കും.
വാക്‌സിന്‍ ലഭിക്കുന്ന സ്ഥലം, സമയം തുടങ്ങിയ വിശദാംശങ്ങള്‍ എങ്ങനെ അറിയാനാകും?
സമീപത്തെ ആരോഗ്യപ്രവര്‍ത്തകരേയോ, ആശ, അംഗന്‍വാടി പ്രവര്‍ത്തകരേയോ സമീപിച്ചാല്‍ വിവരം ലഭിക്കുന്നതാണ്.
എം.ആര്‍ വാക്‌സിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ?
ഇല്ല. വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണ്. ഇത് ലോകമൊട്ടാകെ പട്ടികപ്രകാരവും, പ്രത്യേക ക്യാമ്പെയ്‌നുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന വാക്‌സിന്‍ ആണ്. ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതു തീര്‍ത്തും സുരക്ഷിതമാണ്.
DR. Abhilash, District Project Manager, National Health Mission, Wayanad.