എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താൻ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നകളഞ്ഞു. റബർ തോട്ടത്തിൽ ഒളിച്ച പ്രതിയെ 10 മണിക്കൂറിനു ശേഷം പൊലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പൻ മുഹമ്മദ് ഷഹൻഷയെ (30) ആണ് അറസ്റ്റ് ചെയ്തത്.
പ്രതി യുവാക്കൾക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നു നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രി 8ന് മൂത്തേടം കരുളായി റോഡിൽ കാറ്റാടിക്കു സമീപം വച്ചു എംഡിഎംഎ കൈമാറുന്നതിനിടെ ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടി. ചോദ്യം ചെയ്തതിൽനിന്ന് ലഹരിമരുന്ന് എത്തിച്ചുകൊടുത്ത കൂട്ടാളിയെക്കുറിച്ചു സൂചന ലഭിച്ചതോടെ ഇയാളെ കണ്ടെത്താൻ വാഹനത്തിലും പിന്നീട് നടത്തിയും കൊണ്ടുപോകുന്നതിനിടെയാണ് എടക്കര പാലത്തിനു സമീപം വച്ച് ഓടിയത്.
രാത്രി മുഴുവൻ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാവിലെ ആറരയോടെയാണ് അണ്ടിക്കുന്നിലെ റബർ തോട്ടത്തിൽ തോട്ടത്തിൽനിന്നു പിടികൂടിയത്. ബെംഗളൂരുവിൽനിന്നു ട്രെയിൻ മാർഗമാണ് എംഡിഎംഎ എത്തിക്കുന്നതെന്നു മൊഴി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വച്ചതിനും കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിനും കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
എഎസ്ഐ അബ്ദുൽ മുജീബ്, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, അനീഷ്, അനൂപ്, ജോബിൻ, സുഭാഷ് സുനീഷ്, അരുൺകുമാർ, ഷാഫി എന്നിവർ സംഘത്തിലുണ്ടായിരുന്നു.