X
    Categories: keralaNews

മലബാര്‍ സിമന്റ്‌സ് ഗുരുതര പ്രതിസന്ധിയിലെന്ന് എസ്.ടി.യു

സര്‍ക്കാറിന്റെ അവഗണനകൊണ്ടും, മാനേജ്‌മെന്റിന്റെ കൂട്ടുത്തരവാദിത്വമില്ലാത്ത നയം കൊണ്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്‌സ് തകര്‍ച്ചയുടെ വക്കില്‍. കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സമയാ സമയങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രിയോടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം യൂണിയന്‍ പ്രസിഡണ്ട് അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് മൂലം കമ്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാര്‍ക്ക് താല്‍ക്കാലിക അധിക ചുമതല നല്‍കി, കേരളത്തിലെ പൊതുമേഖലയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന ഇത്രയും വലിയ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു മുഴുവന്‍ സമയ മനേജിംഗ് ഡയറക്ടറെ നിയമിക്കാത്തത് സര്‍ക്കാറിന്റെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്‌പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയ മാനേജിംഗ് ഡയറക്ടര്‍. ജനറല്‍ മാനേജര്‍ വര്‍ക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍, മൈന്‍സ് മാനേജര്‍ മുതലായ സ്ഥാനങ്ങളില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥിരമായി നിയമിക്കണമെന്നും, ചേര്‍ത്തല ഗ്രൈന്‍ഡിംഗ് യൂണിറ്റിലെ സിമന്റ് ഉല്‍പ്പാദന ചിലവ് കുറക്കാന്‍ ആവശ്യമായ ക്ലിങ്കര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും, മലബാര്‍ സിമന്റ്‌സ് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കി വിപണനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷകണക്കിന് സിമന്റ് ആവശ്യമുള്ളപ്പോള്‍ മലബാര്‍ സിമന്റ്‌സില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് വിപണനം നടത്താന്‍ കഴിയാത്തത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലെ ബന്ധപ്പെട്ടവരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ വേതന വ്യവസ്ഥ കേന്ദ്ര സിമന്റ് വേജ് ബോര്‍ഡില്‍ നിന്ന് മാറി 2022 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ , ജനറല്‍ സെക്രട്ടറി ടി.പി മുഹമ്മദ് ഷരീഫ്, ട്രഷറര്‍ വി.കെ സാദിഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Chandrika Web: