കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദ്രോഗം. ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഹൃദയഭിത്തിയിലെ രക്തധമനികളില്‍ ബ്ലോക് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: സുദീപ് അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച് കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം.കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷറഫ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ആണ് എം.എല്‍.എ.യെ പരിശോധിക്കുന്നത്.