കുമ്പള: ഭാഷ സംഗമഭൂമിയില്‍ രാഷ്ട്രീയ മെയ്‌വഴക്കത്തിന്റെ അങ്കം മുറുകിയപ്പോള്‍ പാടും പാടി മുന്നേറുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍. പൊടിപാറും മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ഇക്കുറിയും ത്രീകോണ പോരാട്ടമാണ്. എങ്കിലും യുഡിഎഫും ബിജെപിയും നേരിട്ടുള്ള പോരാട്ടത്തിന്റെ പ്രതീതിയാണ് മണ്ഡലത്തില്‍ എങ്ങും.
മുസ്‌ലിം ലീഗ് നേതാവ് പിബി അബ്ദുല്‍ റസാഖിന്റെ വിയോഗത്തെ തുടര്‍ന്ന് ഉപതെരഞ്ഞുടപ്പ് നടക്കുന്ന മത്സരത്തില്‍ സര്‍ഗ്ഗ പ്രതിഭയും ജനകീയനുമായ എംസി ഖമറുദ്ദീനെ കളത്തിലിറക്കിയാണ് യുഡിഎഫിന്റെ പടയോട്ടം. എന്നാല്‍ നേരത്തെ മത്സരിച്ച് പാരമ്പര്യമുള്ള രവീശതന്ത്രി കുണ്ടറയെ ബിജെപിയും യക്ഷഗാന കലാകാരനും ജില്ലാ കമ്മിറ്റി അംഗവുമായ എം. ശങ്കര്‍റൈയെ കളത്തിലിറക്കി സിപിഎമ്മും കടുത്ത മത്സരത്തിനു തയ്യാറെടുക്കുകയാണ്. പോളിംഗ് ബൂത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അങ്കം മുറുകിയിരിക്കുകയാണ്. കൊണ്ടും കൊടുത്തും മുന്നേറുമ്പോള്‍ പലയിടത്തും പ്രചാരണം സദാചാരവും ലംഘിക്കുകയാണ്. സൗമ്യമായ വാക്കുകളും അതിലേറെ ലാളിത്യത്തിലൂടെയുള്ള ഇടപെടലുകളുമാണ് എം.സിയെ ജനകീയനാക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയക്കൊടി പാറിക്കാന്‍ മുന്നില്‍ നിന്നും നയിച്ച എംസി ഖമറുദ്ദീന്റെ തന്ത്രവും അനുഭവ സമ്പത്തും മണ്ഡലത്തില്‍ പ്രതിഫലിക്കുകയാണ് എങ്ങും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഴുസമയം പ്രചാരണ രംഗത്തുണ്ട്.
മതധ്രുവീകരണത്തിലൂടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് മറുകര കയറാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. എന്നാല്‍ മതേതര വോട്ടുകളിലാണ് മറ്റുമുന്നണികള്‍ കണ്ണ് വെക്കുന്നത്. ദേശീയ രാഷ്ട്രീയം മുതല്‍ ശബരിമലവരെ ചര്‍ച്ച സജീവമാണ്. മതവും സംസ്‌കാരവും കൊലപാതകവും വികസനവുമെല്ലാം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎച്ച് കുഞ്ഞമ്പുവിനെ പിന്തള്ളി കെ. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. 89 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനാവുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 11,113 വോട്ടിന്റെ വ്യത്യാസമാണ് ബിജെപിയും യുഡിഎഫും തമ്മിലുള്ളത്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഇത് കൊണ്ട് തന്നെ ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരമാണ് എന്ന പ്രതീതിയും മണ്ഡലത്തിലുണ്ട്. ഇന്നലെ പൈവളികെ പഞ്ചായത്തില്‍ നടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. കുമ്പളയില്‍ നടന്ന പൊതുയോഗത്തിലും വന്‍ ജനാവലി ഉണ്ടായി.
അങ്കം മുറുകി, പാട്ടും പാടി എം.സി
Tags: mc khamarudheen