X

വീര്യം കുറഞ്ഞ മദ്യം , വൈൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് ; അബ്കാരി നയത്തിന് മന്ത്രിസഭ അംഗീകാരം

സംസ്ഥാന അബ്കാരി നയം 2023-24ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയാതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.വീര്യം കുറഞ്ഞ മദ്യം , വൈൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം. വിമുക്തിയുടെ പ്രവർത്തനങ്ങള്‍ സജീവമായി സ്കൂള്‍തലം മുതൽ നടന്നുവരുന്നുണ്ട്. പഞ്ചായത്തുകളെ ‘വിമുക്തി മാതൃകാ പ്രവർത്തന പഞ്ചായത്ത്’ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യകത്മാക്കി.

കള്ളുചെത്ത് മേഖലയിൽ കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കള്ള് കൊണ്ടുപോകുന്നത്‌ കൃത്യമായി നിരീക്ഷിക്കാൻ ട്രാക്ക്‌ ആൻഡ്‌ ട്രെയ്സ്‌ സംവിധാനം നടപ്പിലാക്കുമെന്നും എം.ബി.രാജേഷ് അറിയിച്ചു.

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും.സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്.സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

webdesk15: