X

വിദേശ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് :മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം തിരിച്ചടി

കെ.ബി അബ്ദുല്‍കരീം

കൊച്ചി: വിദേശത്ത് പഠനം പൂര്‍ത്തീകരിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ തീരുമാനം കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുകയാണ്. സംസ്ഥാനത്തും തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇരുളിലായത്. വിദേശത്ത് എം.ബി.ബി.എസ് പഠനം കഴിഞ്ഞവരുടെ ഇന്റേണ്‍ഷിപ്പ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മാത്രമാക്കി നിജപ്പെടുത്താനാണ് തീരുമാനം. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് .നിര്‍ദേശം നല്‍കുകയും ചെയ്തു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ബിരുദ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹൗസ് സര്‍ജന്‍സിക്ക് അവസരം കണ്ടെത്തുന്നതിന് പുറമേയാണ് വിദേശത്തുനിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ഒഴിവ് കണ്ടെത്തേണ്ടി വരുന്നത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിദേശത്ത് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടും മൂന്നും വര്‍ഷം ഹൗസ് സര്‍ജന്‍സിക്ക് കാത്തിരിക്കേണ്ട ഗതികേടും ഉണ്ടാകും. വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്ന ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള കേരളത്തിന് പുതിയ തീരുമാനം കടുത്ത തിരിച്ചടിയായി. ഭാവിയിലും വന്‍ പ്രതിസന്ധി ഈ മേഖലയില്‍ സൃഷ്ടിക്കുന്നതാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരുടെ ഭാവി കൂടി സര്‍ക്കാര്‍ പരിഗണിക്കുമായിരുന്നു.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിനായി ചെലവഴിക്കേണ്ട തുകയുടെ പകുതി തുകയ്ക്ക് യുക്രൈന്‍, ചൈന, ജോര്‍ജിയ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഈ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ എഫ്എംജി പരീക്ഷ സ്‌ക്രീനിങ് പരീക്ഷ കൂടി വിജയിച്ചാണ് ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്.

 

Chandrika Web: