X
    Categories: main stories

യോഗ്യരായവരെ മറികടന്ന് എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി; ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം:യോഗ്യരായവരെ മറികടന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെ ഗവര്‍ണര്‍ക്കു പരാതി. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ഖാനുമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യക്ക് 212-ാം റാങ്കാണു ലഭിച്ചതെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരുള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും സമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

വിവാദമായതിനെ തുടര്‍ന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യയനപരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: