52 വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരുമിച്ച് ഒരേക്ലാസ് മുറിയില്‍ ഇരുന്ന് പഠിച്ചും കളിച്ചും നടന്ന കൂട്ടുകാര്‍ക്കൊപ്പം ചേർന്ന് എംഎ യൂസഫലി.കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിലാണ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും എം എ യൂസഫലി സൗഹൃദം പുതുക്കിയത്.തൃശൂര്‍ കാട്ടൂര്‍ കാരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് എംഎ യൂസഫലി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ വിവരം അറിഞ്ഞയുടന്‍ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് എം.എ യൂസഫലി സൗഹൃദസംഗമത്തിന് എത്തിയത്.
തൃപയാറില്‍ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്‌കൂളിലേക്ക് എത്തിയിരുന്ന കാലം എം.എ യൂസഫലി ഓര്‍മ്മിച്ചെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തില്‍ തനിക്ക് സഹനശക്തിയും കരുത്തും നല്‍കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.വിവിധ രാജ്യങ്ങളിൽ പടര്‍ന്നുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ഉടമ, അതിന്റെ കനം ലവലേശമില്ലാതെ, പഴയ സഹപാഠികളുടെ പ്രിയപ്പെട്ട യൂസഫായി പഴയ ക്ലാസ് മുറിയിലിരുന്നു. ഒഎന്‍വിയുടെ കവിത ചൊല്ലി.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പേര് പോലും മറക്കാത്ത പ്രിയ കൂട്ടുകാരന്റെ സ്‌നേഹത്തിന് മുന്നില്‍ സഹപാഠികളില്‍ ചിലരുടെ കണ്ണുനിറഞ്ഞു,
പ്രിയപ്പെട്ട അധ്യാപിക ലില്ലി ടീച്ചറുടെ നെറുകയില്‍ ഉമ്മ കൊടുത്ത് .കേക്ക് മുറിച്ച് വായില്‍ വച്ചുകൊടുത്തപ്പോൾ എം എ യൂസഫലി പഴയ സ്‌കൂൾ കുട്ടിയായി.ഉയരങ്ങള്‍ കീഴടക്കുമ്പോഴും പിന്നിട്ട കാലം മറക്കാത്ത, കാരുണ്യത്തിന്റെ മുഖമാണ് എം.എ യൂസഫലിയെന്ന് അധ്യാപകര്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ വീണ്ടും കണ്ടതിനൊപ്പം പഠിച്ച സ്‌കൂളിന്റെ വികസനത്തിനായി 50 ലക്ഷം രൂപയും എം.എ യൂസഫലി പ്രഖ്യാപിച്ചു.