തിരുവന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്‍ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്‍ടിസി ബസിന് കുറുകെ സിബ്ര ലൈനില്‍ വാഹനം നിര്‍ത്തി, അന്യായമായി സംഘം ചേരല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെ കാര്യമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടില്ല.
അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്.