X

ദളിത് ആയതിനാല്‍ കേന്ദ്രം വേട്ടയാടുന്നു; ആരോപണത്തില്‍ മറുപടി നല്‍കി മായാവതി

ന്യൂഡല്‍ഹി: ദളിത് വിഭാഗത്തില്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗം അധികാരത്തില്‍ വരുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മായാവതി ആരോപിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം ബിഎസ്പിയുടെയും മായാവതിയുടെയും അക്കൗണ്ടുകളില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന ആദായനികുതി വകുപ്പ് കണ്ടെത്തലിനു പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
ബിഎസ്പിയുടെ അക്കൗണ്ടിലുള്ള പണത്തിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്. 104 കോടി രൂപ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ രേഖകളുമുണ്ട്. നിയമപരമായാണ് എല്ലാം ചെയ്തത്. യു.പിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ദളിതുകള്‍ അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസിനെയും സമാജ്‌വാദി പാര്‍ട്ടിയെയും ഒന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതു വിലപ്പോവില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും മായാവതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങള്‍ സത്യസന്ധമാണെങ്കില്‍ ബിജെപിയുടെ നിക്ഷേപങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.

chandrika: