X

യു.പിയില്‍ കൊമ്പുകോര്‍ത്ത് മായാവതിയും മോദിയും

ലക്‌നോ: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.എസ്.പി അധ്യക്ഷ മായവതിയും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ബെഹന്‍ജി സമ്പത്തി പാര്‍ട്ടി (സ്ത്രീയുടെ സമ്പന്ന കക്ഷി) ആയിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശം. മിസ്റ്റര്‍ നെഗറ്റീവ് ദളിത് മാന്‍ എന്നു വിളിച്ചായിരുന്നു ഇതിന് മായാവതിയുടെ തിരിച്ചടി.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഒറായിയില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി ബി.എസ്.പിക്കെതിരെ ആഞ്ഞടിച്ചത്.

അഴിമതിയിലൂടെ ബി.എസ്.പി ധാരാളം പണം സമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചായിരന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം. ‘എവിടെയാണ് ബി.എസ്.പി ഇപ്പോള്‍ എത്തി നില്‍ക്കുന്നത്? കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് ഞാന്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ നിതാന്ത വൈരികളായ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു. കള്ളപ്പണ വിവരങ്ങള്‍ ആവശ്യപ്പെട്ട് അഴിമതിക്കെതിരെ ആരംഭിച്ച യുദ്ധം അവരെ ഒന്നിപ്പിച്ചു. എല്ലാവരും ഒന്നായി, ഒരേ ഭാഷയിലാണ് അതിനെതിരെ സംസാരിച്ചത്’ -േേമാദി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നില്ല എന്നാണ് മായാവതി പറയുന്നത്. സര്‍ക്കാറിനാണോ നിങ്ങള്‍ക്കാണോ ഒരുങ്ങാന്‍ കഴിയാതെ പോയത്. പദ്ധതി നടപ്പാക്കുന്നത് ഒരാഴ്ച മുമ്പെങ്കിലും പറയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മുലായവും അതു തന്നെയാണ്- അദ്ദേഹം ആരോപിച്ചു. ബി.എസ്.പി ഇപ്പോള്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയല്ലെന്നും ബെഹന്‍ജി സമ്പത്തി പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്രദാമോര്‍ദാസ് മോദി എന്നത് ഇനി മിസ്റ്റര്‍ നെഗറ്റീവ് ദളിത് മാന്‍ എന്നു തിരുത്തി വായിക്കേണ്ടി വരുമെന്നായിരുന്നു പ്രസ്താവനകളോട് മായാവതിയുടെ മറുപടി. മോദി ബി.എസ്.പിയെ തെറ്റായി നിര്‍വചിച്ചിരിക്കുകയാണ്. ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് തന്റെ ജീവിതം. അവര്‍ അവരുടെ വലിയ സമ്പാദ്യമായാണ് തന്നെ കാണുന്നത്- അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജോലിയും സ്വഭാവവും പരിഗണിച്ചാണ് അദ്ദേഹത്തെ നെഗറ്റീവ് ദളിത് മാന്‍ എന്നു വിശേഷിപ്പിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: